കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ ..........

Kottayam District Level News, Notifications ..........

Aug 2, 2024
കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ ..........
KOTTAYAM NEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി 3.95 ലക്ഷം രൂപ
കോട്ടയം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. വെള്ളിയാഴ്ച(ഓഗസ്റ്റ് 2) മാത്രം 3.95 ലക്ഷം രൂപയാണ് കോട്ടയം കളക്‌ട്രേറ്റിൽ എത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
കോട്ടയം കളരിക്കബസാറിലുള്ള ജോസ്‌ഗോൾഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്‌ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനം 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. കമ്പനി എം.ഡി. ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ഡോ. ഇന്റീരിയർ എന്ന സ്ഥാപനത്തിന്റെ ഉടമ അജയ് ശങ്കറും ചേർന്നാണ് ചെക്ക് ജില്ലാ കളക്ടർ ജോൺ ജോൺ വി. സാമുവലിന് ചെക്ക് കൈമാറിയത്. കോട്ടയം സർക്കാർ ഡെന്റൽ കോളജ്  വിദ്യാർഥി യൂണിയൻ 45000 രൂപയുടെ ഡി.ഡിയും ജില്ലാ കളക്ടർക്കു കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാനയുമായി ഡെന്റൽ കോളജ് വിദ്യാർഥികളും

കോട്ടയം: വയനാട് ദുരന്തത്തിന് ഇരയായവർക്കു സഹായഹസ്തവുമായി കോട്ടയം സർക്കാർ ഡെന്റൽ കോളജ്  വിദ്യാർഥി യൂണിയനും. ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനായ 'അദ്രിത' വിദ്യാർഥികളിൽ നിന്നു സമാഹരിച്ച 45000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സി.എം.ഡി.ആർ.എഫ്)യിലേക്കു  നൽകുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.

ഫോട്ടോക്യാപ്ഷൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് കോട്ടയം ജോസ് ഗോൾഡ് അധികൃതർ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.5 ലക്ഷം രൂപയുടെ ചെക്ക്അറ്റ്‌ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എം.ഡി. ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 45000 രൂപയുടെ ഡി.ഡി. കോട്ടയം സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയൻ ഭാരവാഹികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറുന്നു.

(കെ.ഐ.ഒ.പി.ആർ. 1625/2024).
 
വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.

കോട്ടയം: വയനാട് ദുരന്തത്തിനിരയായവർക്കു സഹായഹസ്തവുമായി  സി.കെ. ആശ എം.എൽ.എയും. സി.കെ. ആശ എം.എൽ.എയുടെയും വൈക്കം താലൂക്ക് ഓഫീസിന്റെയും സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മറ്റ് അവശ്യവസ്തുക്കളും കോട്ടയം ബസേലിയസ് കോളജിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്ററിലെത്തിച്ചു. സി.കെ. ആശ എം.എൽ.എയിൽ നിന്നു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വസ്തുക്കൾ ഏറ്റുമാങ്ങി.  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, വൈക്കം തഹസീൽദാർ കെ.ആർ. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോക്യാപ്ഷൻ:
വയനാട് ദുരിതബാധിതർക്കായി സി.കെ. ആശ എം.എൽ.എയുടെയും വൈക്കം താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ കോട്ടയം ബസേലിയസ് കോളജിലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്ററിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഏറ്റുവാങ്ങുന്നു.

ലൈസൻസ് പുതുക്കാൻ ലിഫ്റ്റ് അദാലത്ത്

കോട്ടയം: കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ലിഫ്റ്റ്്/എസ്‌കലേറ്ററുകളുടെ ലൈസൻസ് നിശ്ചിത തുക അടച്ചു പുതുക്കാൻ അദാലത്ത് നടത്തുന്നു. പുതുക്കുന്നതിനുള്ള അപേക്ഷ (ഫോം -ജി, കോൺടാക്ട് നമ്പർ ഉൾപ്പെടെ) നിലവിലുള്ള ലൈസൻസിന്റെ പകർപ്പ്, കാലാവധിയുള്ള പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പോളിസി പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. ലിഫ്റ്റ് ഒന്നിന് 3310 രൂപ വീതം ഗവൺമെന്റ് ട്രഷറി/ഫ്രണ്ട്സ് ജനസേവന കേന്ദ്രം /ഇ ട്രഷറി വഴി അടച്ച് അസ്സൽ രസീത് സഹിതം ഒക്ടോബർ 10 നു മുൻപായി കോട്ടയം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നൽകണം.
(കെ.ഐ.ഒ.പി.ആർ. 1627/2024).

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ
കോട്ടയം: കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റിൽ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. www.polyadmission.org എന്ന വെബ്സൈറ്റിലൂടെയോ കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് മുഖേനയോ അപേക്ഷാഫീസ് അടച്ച് ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 വരെ പുതിയ അപേക്ഷ നൽകാം. ഓഗസ്റ്റ് എട്ടിന് രാവിലെ 8.30-9.30 വരെ റാങ്ക്പട്ടികയിൽ ഒന്നുമുതൽ 25000 വരെയുള്ളവർക്കും 9.30 -10.30 വരെ 25001 മുതൽ 40000 വരെയുള്ളവർക്കും 10.30-11.30 വരെ 40001 മുതലുള്ളവർക്കും പുതിയ അപേക്ഷകർക്കും അന്നേദിവസം രജിസ്റ്റർ ചെയ്ത് സ്പോട്് അഡ്മിഷനിൽ പങ്കെടുക്കാം. ആദ്യമായി പ്രവേശനം നേടുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. മറ്റ് പോളിടെക്നിക്കുകളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ട്രിപ്പ്, പിറ്റിഎ ഫണ്ടും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് www.polyadmission.org. ഫോൺ: 9496222730. (കെ.ഐ.ഒ.പി.ആർ. 1628/2024).

തൊഴിൽ മേള

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മോഡൽ കരിയർ സെന്ററും സംയുക്തമായി കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12ന് 'പ്രയുക്തി 2024' തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന പതിനെട്ടിനും 45 വയസിനും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451 I

(കെ.ഐ.ഒ.പി.ആർ. 1629/2024).

തൊഴിലധിഷ്ഠിത കോഴ്‌സ്

കോട്ടയം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്ന ഒരുവർഷ ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത. ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സ് ആയ വെയർ ഹൌസ് ആൻഡ് ഇൻവെൻടറി മാനേജ്‌മെന്റ് (മൂന്നു മാസം)കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ ലഭിക്കും. ഫോൺ: 8136802304.
(കെ.ഐ.ഒ.പി.ആർ. 1630/2024).


വാക്‌സിനേഷൻ ക്യാമ്പയിൻ അഞ്ചുമുതൽ

കോട്ടയം: കന്നുകാലികളെ ഗൗരവമായി ബാധിക്കുന്ന ചർമ്മമുഴ, കുളമ്പുരോഗം എന്നിവയ്‌ക്കെതിരായിട്ടുള്ള വാക്‌സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ്5) പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ നടക്കും. ഓഗസ്റ്റ് അഞ്ചു മുതൽ 30 പ്രവർത്തിദിവസങ്ങളായാണു വാക്‌സിനേഷൻ ക്യാമ്പയിൻ നടക്കുന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഉപയോഗശൂന്യമായ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 16 ന് ഉച്ചക്ക് 12.30 വരെ സമർപ്പിക്കാം. അന്നേ ദിവസം ഉച്ചകഴിഞ്ഞു രണ്ടിന് തുറക്കും.
(കെ.ഐ.ഒ.പി.ആർ. 1617/2024)

കളക്ഷൻ ചാർജ് ഒഴിവാക്കി

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ  ഉടമ-തൊഴിലാളി ക്ഷേമനിധി സമാഹരണത്തിന് സൗത്ത് ഇൻഡ്യൻ ബാങ്ക് ബ്രാഞ്ച് ഈടാക്കിയിരുന്ന 15 രൂപ കളക്ഷൻ ചാർജ്ജ് ഒഴിവാക്കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 1618/2024)

സ്‌കോൾ-കേരള: പ്രവേശന തീയതി ദീർഘിപ്പിച്ചു


കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോൾ - കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് പത്താം ബാച്ച് പ്രവേശനം ഓഗസ്റ്റ് 21 വരെ  പിഴയില്ലാതെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 31വരെയും ദീർഘിപ്പിച്ചു. ഫോൺ:0481 2300 443 ,9496094157

(കെ.ഐ.ഒ.പി.ആർ. 1619/2024).

തീയതി നീട്ടി
കോട്ടയം: സ്‌റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിലെ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 10 വരെ വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണു യോഗ്യത. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനത്തെ എസ്.ആർ.സി ഓഫീസിൽനിന്നു ലഭിക്കും. ഫോൺ: 0471 2570471, 9846033001
(കെ.ഐ.ഒ.പി.ആർ. 1620/2024).

ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ 2024-2025 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 13ന് വൈകിട്ട് നാലിനു മുമ്പായി ജില്ലാമിഷൻ ഓഫീസിൽ സമർപ്പിക്കണം. അന്നേ ദിവസം വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. ഫോൺ: 9074457224, 9544712351
(കെ.ഐ.ഒ.പി.ആർ. 1621/2024).

ജനകീയ സദസ്
കോട്ടയം: പൊതുഗതാഗതസംവിധാനവുമായി ബന്ധപ്പെട്ട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പാലാ നിയോജകമണ്ഡലത്തിലെ ജനകീയ സദസ് ഓഗസ്റ്റ് 13ന് രാവിലെ 11 ന് പാലാ അരുണാപുരം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഹാളിൽനടക്കും.
(കെ.ഐ.ഒ.പി.ആർ. 1622/2024).

പ്രവാസിപരാതിപരിഹാര സമിതിയോഗം


കോട്ടയം: പ്രവാസി പരാതി പരിഹാരസമിതി യോഗം ഓഗസ്റ്റ് എട്ടിന്് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പരാതികൾ ഓഗസ്റ്റ് എട്ടിനുമുമ്പായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ പ്രസ്തുത യോഗത്തിലോ ലഭ്യമാക്കണം. ഇ-മെയിൽ: jdlsgdktm@gmail.com  ഫോൺ: 0481 2560282.
(കെ.ഐ.ഒ.പി.ആർ. 1623/2024).

ബിസിൽ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷിക്കാം


കോട്ടയം: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറുമാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എൽ.സി  യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കു ബിസിൽ ടീച്ചർ ട്രെയിനിംഗ്  വിഭാഗം: ഫോൺ : 7994449314
(കെ.ഐ.ഒ.പി.ആർ. 1624/2024).
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.