ട്രൈബ്സ് ഇന്ത്യ ഷോറൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു
Tribes India showroom opened in Thiruvananthapuram
പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ രേണു രാജ് ഐ എ എസ് ഉദ്ഘാടനം നിര്‍വഹിച്ചു
കേന്ദ്ര ഗോത്രവര്‍ഗ്ഗകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡി(TRIFED)ന്റെ തിരുവനന്തപുരത്തെ ട്രൈബ്‌സ് ഇന്ത്യ ഷോറൂമിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ ശ്രീമതി. രേണു രാജ് ഐഎഎസ് നിര്‍വഹിച്ചു. ഇടനിലക്കാരില്ലാതെ ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങള്‍ ഇവര്‍ക്ക് സാമ്പത്തിക പിന്തുണയേകുമെന്ന് ശ്രീമതി. രേണുരാജ് പറഞ്ഞു. ട്രൈബ്‌സ് ഇന്ത്യയുടെ കേരളത്തിലെ അഞ്ചാമത്തെ ഷോറൂമാണ് തിരുവനന്തപുരത്ത് തുറന്നത്. തിരുവനന്തപുരം ശാന്തി നഗറില്‍ കേരള ഹൗസിംഗ് ബോര്‍ഡ് കോംപ്ലക്‌സിലാണ് ഷോ റൂമിന്റെ പ്രവര്‍ത്തനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഷോറൂമില്‍ ലഭ്യമാണ്. മഹേശ്വരി, പോച്ചംപള്ളി, ചന്ദേരി, ബാഗ് തുടങ്ങിയ ഗോത്രവര്‍ഗ്ഗ കരകൗശല വസ്തുക്കള്‍, കൈത്തറി ഉല്പന്നങ്ങള്‍, ഗോത്രവര്‍ഗ ആഭരണങ്ങള്‍, മണ്‍പാത്ര പെയിന്റിംഗുകള്‍, ലോഹ ഉത്പന്നങ്ങള്‍ എന്നിവ ഷോറൂമില്‍ ലഭിക്കും. ജൈവധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഹെര്‍ബല്‍ ടീകള്‍ എന്നിങ്ങനെയുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പ്രകൃതിദത്തമായ, ജൈവ ഉല്‍പന്നങ്ങളും ന്യായ വിലയില്‍ ഷോറൂമില്‍ ലഭ്യമാണ്. ഇതിന് പുറമെ കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങള്‍, പകൃതി വിഭവങ്ങള്‍ എന്നിവയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കി സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുക, അവരുടെ ഉല്‍പ്പന്നങ്ങള്‍ സുസ്ഥിരമായ അടിസ്ഥാനത്തില്‍ വിപണനം ചെയ്യുക, ഇതിലൂടെ അവരുടെ കലകള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും ആഭ്യന്തര, അന്തര്‍ദേശീയ വിപണിയില്‍ വിപുലമായ ഇടം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രൈബല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. ട്രൈഫെഡ് ജനറല്‍ മാനേജര്‍ ശുഭജിത് തരഫ്ദാര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.