പത്തനംതിട്ട പീഡനം: പിടിയിലായത് 28 പേർ

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Jan 13, 2025
പത്തനംതിട്ട പീഡനം: പിടിയിലായത് 28 പേർ
pathanamthitta

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ ഇന്ന് എട്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 28 ആയി. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഇന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് പീഡനകേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയുമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ജില്ലക്കുള്ളിലുള്ള മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവസാന വ്യക്തിയെയും നിയമത്തിനു മുന്നിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതുവരെ അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും 30 വയസിനു താഴെയുള്ളവരാണ്. പ്ലസ്‌ടു വിദ്യാർഥികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവർ ഇതിലുണ്ട്‌. ഓട്ടോഡ്രൈവർമാരടക്കമുള്ളവരും കൂട്ടത്തിലുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ്‌ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
18കാരിയായ വിദ്യാർഥി കഴിഞ്ഞ രണ്ടു വർഷമായി നേരിട്ട ലൈം​ഗികാതിക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് വെളിപ്പെടുത്തിയത്. 13 വയസ്സുള്ളപ്പോൾ സഹപാഠിയായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത്‌ കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. അച്ഛന്റെ ഫോണാണ്‌ കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് സുബിൻ സന്ദേശങ്ങളും മറ്റും അയച്ചതും. പെൺകുട്ടിക്ക് 16 വയസ്സായപ്പോൾ ബൈക്കിൽ കയറ്റി വീടിന് സമീപത്തെ അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബർ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മറ്റൊരു ദിവസം പുലർച്ചെ കുട്ടിയുടെ വീടിനടുത്ത് റോഡരികിലെ ഷെഡ്ഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാർക്ക്‌ കാഴ്‌ചവയ്ക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് അച്ചൻകോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. തുടർന്ന് സഹപാഠികളടക്കം പലരും ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
ജില്ലയുടെ പല പ്രദേശങ്ങളിലുമുള്ളവർ പെൺകുട്ടിയെ പിഡനത്തിനിരയാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടയിലായവരുടെ വീട്ടിലും പത്തനംതിട്ടയിലെ ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച്‌ ലൈം​ഗികാതിക്രമം നടത്തി എന്നാണ്‌ കുട്ടിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ആളില്ലാത്ത ബസിലും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡിൽനിന്നാണ് പലരും പെൺകുട്ടിയെ മറ്റുവാഹനങ്ങളിൽ കൂട്ടിക്കൊണ്ടു പോയത്. ഒരുദിവസംതന്നെ നാലുപേർ മാറിമാറി ബലാത്സംഗംചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ചാണ് പലരും വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി നിർദേശം നൽകി.
അതെസമയം അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് ഡിഐജി അജിതാ ബീഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസൺ ഓഫീസറായി വനിതാ എസ്ഐയെ നിയോഗിച്ചു. കുട്ടിക്ക് കൗൺസിലിംങ് ഉൾപ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തുടർ വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.