പാചകഎണ്ണയുടെ പുനരുപയോഗം: റൂക്കോ പദ്ധതി വ്യാപിപ്പിക്കാൻ ഭക്ഷ്യ സുരക്ഷാവകുപ്പ്
- 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ 1,37,877 കിലോ ഉപയോഗിച്ച പാചകഎണ്ണ ഏജൻസികൾക്ക് കൈമാറി

കോട്ടയം: പാചകഎണ്ണയുടെ പുനരുപയോഗം തടയാനായി സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന റൂക്കോ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി ഭക്ഷ്യ സുരക്ഷാവകുപ്പ്. പാചക എണ്ണകളുടെ പുനരുപയോഗം തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ പദ്ധതി വ്യാപിപ്പിക്കുന്നത്. ഭക്ഷണം വറുത്തെടുത്തശേഷം അവശേഷിക്കുന്ന എണ്ണ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള ഏജൻസികൾ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിൽ നിന്നും വീടുകളിൽ നിന്നും കിലോയ്ക്ക് 50 രൂപ മുതൽ 60 രൂപ വരെ നൽകി ശേഖരിച്ച് ബയോഡീസൽ, സോപ്പ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. 2023-24 സാമ്പത്തിക വർഷം കോട്ടയം ജില്ലയിൽ നിന്ന് 70,210 കിലോ ഉപയോഗിച്ച പാചകഎണ്ണ കൈമാറിയിരുന്നു. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 1,37,877 കിലോ ആയി വർധിച്ചു.
ഒരു വർഷം ഇന്ത്യയിൽ 2.7 മില്യൺ ടൺ ഉപയോഗിച്ച പാചക എണ്ണ ഉൽപ്പാദിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്. ഈ എണ്ണ വീണ്ടും പാചകം ചെയ്യാൻ ഉപയോഗിക്കുകയോ മാലിന്യമായി ഉപേക്ഷിക്കുകയോ ആണ്. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഉപയോഗശേഷം അവശേഷിക്കുന്ന പാചകഎണ്ണയെ ബയോഡീസലും സോപ്പുമായി മാറ്റുക വഴി എണ്ണയുടെ പുനരുപയോഗം തടഞ്ഞ് പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും എണ്ണ മാലിന്യമായി മാറുന്നത് തടയാനും സാധിക്കും.
എണ്ണ ആവർത്തിച്ചു ചൂടാക്കുമ്പോൾ അതിലെ ടോട്ടൽ പോളാർ കോമ്പൗണ്ടുകളുടെ അളവ് കൂടുന്നു. കൂടിയ അളവിൽ ടോട്ടൽ പോളാർ കോമ്പൗണ്ടുകൾ ശരീരത്തിലെത്തുന്നത് കരൾ രോഗങ്ങൾ, രക്തസമ്മർദ്ദം, അൽഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.
ചിപ്‌സ് നിർമാണ യൂണിറ്റുകൾ, തട്ടുകടകൾ, ബജിക്കടകൾ, ഹോട്ടലുകൾ, കാറ്ററിങ് യൂണിറ്റുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവർ പദ്ധതിയുമായി സഹകരിച്ച് പാചകവാതക എണ്ണയുടെ പുനരുപയോഗം തടയാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു.
വിശദവിവരങ്ങൾക്ക് ഫോൺ: 0481-2564677 (ഭക്ഷ്യ സുരക്ഷാ വകുപ്പ്).
റൂക്കോ പദ്ധതി എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള ഏജൻസികൾ ചുവടെ:
എറിഗോ (ERIGO)-7591962501
ട്രൈക്കോ ഗ്രീൻ (TRIECO GREEN)- 9539383778
എ.ബി. ഗ്രീൻ ട്രേഡേഴ്‌സ് (AB GREEN TRADERS) -7591987277
കീപീസ് ട്രേഡിങ്‌സ് (KEEPEES TRADING) -9447433668
ഗ്രോ മോർ ട്രേഡിങ്(GROW MORE TRADING)- 9846817444