രാജ്വീന്ദർ സിംഗ് ഭട്ടി സിഐഎസ്എഫ് ഡയറക്ടർ ജനറൽ
ന്യൂഡൽഹി: ഐപിഎസ് ഓഫീസർ രാജ്വീന്ദർ സിംഗ് ഭട്ടി സിഐഎസ്എഫ്(സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ഡയറക്ടർ ജനറലായി ചുമതലയേറ്റു. സിഐഎസ്എഫിന്റെ 31-ാമത് ഡിജി ആയാണ് നിയമനം.
സിഐഎസ്എഫ് ആസ്ഥാനത്ത് എത്തിയ ഭട്ടിയെ, പ്രവീർ രഞ്ജൻ എഡിജി (എപിഎസ്), കുന്ദൻ കൃഷ്ണൻ എഡിജി (നോർത്ത്), പി.എസ്. റാൻപിസ് എഡിജി (ഹെഡ്ക്വാട്ടേഴ്സ്) എന്നിവരും സിഐഎസ്എഫിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് രാജ്വീന്ദർ സിംഗ് ഭട്ടിക്ക് സെറിമോണിയൽ ഗാർഡ് ഓഫ് ഓണർ സമ്മാനിച്ചു. ചുമതലയേറ്റ ശേഷം, സിഐഎസ്എഫിന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഭട്ടി ആശയവിനിമയം നടത്തുകയും സിഐഎസ്എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
നേരത്തെ, ബിഹാർ പോലീസ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച ഭട്ടി, സങ്കീർണ്ണമായ ക്രമസമാധാന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലെ തന്ത്രപരമായ മിടുക്കിനും നേതൃത്വത്തിനും വളരെ പ്രശസ്തനാണ്.
ബിഹാർ കേഡറിലെ 1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഭട്ടി, എംഫിൽ ബിരുദമുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ്. പാറ്റ്നയിലെ സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) ആയും ജെഹാനാബാദ്, ഗോപാൽഗഞ്ച്, പൂർണിയ, സിവാൻ എന്നിവിടങ്ങളിൽ എസ്പിയായും പട്ന സോണിലെ ഇൻസ്പെക്ടർ ജനറൽ (ഐജി), ഐജി (സെക്യൂരിറ്റി) തുടങ്ങിയ പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ജോയിന്റ് ഡയറക്ടർ, എയർ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യിൽ ചീഫ് വിജിലൻസ് ഓഫീസർ (സിവിഒ) എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2006-ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും 2014-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും രാജ്വീന്ദർ ഭട്ടിക്ക് ലഭിച്ചു.