സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക്;വികസനപ്രവൃത്തി പുരോഗമിക്കുന്നു
29 എണ്ണം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽപെടുത്തിയും എട്ടെണ്ണം ലോകനിലവാര പദ്ധതിയിൽപെടുത്തിയുമാണ് നവീകരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വികസനപ്രവൃത്തി പുരോഗമിക്കുന്നു. 37 സ്റ്റേഷനുകളിലാണ് തകൃതിയായി നിർമാണം നടക്കുന്നത്. 29 എണ്ണം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽപെടുത്തിയും എട്ടെണ്ണം ലോകനിലവാര പദ്ധതിയിൽപെടുത്തിയുമാണ് നവീകരിക്കുന്നത്. കോഴിക്കോട്, മംഗളൂരു സെൻട്രൽ, തൃശൂർ, എറണാകുളം ടൗൺ, ചെങ്ങന്നൂർ, എറണാകുളം ജങ്ഷൻ, കൊല്ലം, തിരുവനന്തപുരം സെൻട്രൽ എന്നീ സ്റ്റേഷനുകളാണ് ലോകനിലവാരത്തിലേക്ക് ഉയർത്തുക.കുറ്റിപ്പുറം, ഷൊർണൂർ സ്റ്റേഷനുകളുടെ നവീകരണം ഏതാണ്ട് പൂർത്തിയായി. ഇവിടെ അവസാന മിനുക്കുപണി മാത്രമേ ബാക്കിയുള്ളൂ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളായാണ് പ്രവൃത്തി ക്രമീകരിച്ചിരിക്കുന്നത്. നവീകരണം കഴിയുന്നതോടെ സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദവും അത്യാധുനിക സൗകര്യമുള്ളതായും മാറുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.