മൂന്നാറിലെ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം
പ്രവേശന പാസിനെ ചൊല്ലിയായിരുന്നു തർക്കം
മൂന്നാർ: മൂന്നാറിലെ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. സംഘർഷത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. പ്രവേശന പാസിനെ ചൊല്ലിയായിരുന്നു തർക്കം.സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിംഗ് സെന്ററിനുള്ളിൽ കടക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു.വിനോദസഞ്ചാരികളായ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ.അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നെജുമ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29) ഭാര്യ ഷാഹിന (22), ബോട്ടിംഗ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്ദു (30) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഞ്ചാരികൾക്ക് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. സന്ദർശകർ തങ്ങളെ മർദിച്ചതായി കാണിച്ച് ബോട്ടിംഗ് സെന്ററിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടർക്കെതിരെയും മൂന്നാർ പോലീസ് കേസെടുത്തു.