കൂവപ്പള്ളി-ഇടക്കുന്നം റോഡിന്റെ ഉദ്ഘാടനം 18ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.
അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബി സി നിലവാരത്തിൽ നിർമ്മാണം
പാറത്തോട്: സംസ്ഥാന പൊതുമരാ വകുപ്പിൽ നിന്നും അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബി സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കൂവപ്പള്ളി- ഇടക്കുന്നം റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ഈ മാസം 18 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. വൈകുന്നേരം നാലുമണിക്ക് ഇടക്കുന്നം വാരിക്കാട്ട് കവലയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. ഷാനവാസ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്, മോഹനൻ ടി. ജെ, ഡാനി ജോസ്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ-സാമൂഹ്യ-മത നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കൂവപ്പള്ളി,കാരികുളം, സി.എസ്.ഐ, ഇടക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണ്. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ ഉൾപ്രദേശ വാർഡുകളായ 7,8,9,10,11,12 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഈ റോഡ് പാറത്തോട് നിന്ന് എരുമേലി ഭാഗത്തേക്കുള്ള എളുപ്പവഴി എന്നുള്ള നിലയിൽ ശബരിമല തീർത്ഥാടകർക്കും ഉപകാരപ്രദമാകും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഏറെ ബുദ്ധിമുട്ടിലായ സാഹചര്യത്തിലും കൂടാതെ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ ഉൾപ്പെടെ ബി എം & ബി സി നിലവാരത്തിൽ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ റോഡിന്റെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും അഞ്ചു കോടി രൂപ അനുവദിപ്പിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.