പക്ഷിപ്പനി: നിരണത്ത് ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കൽ തുടങ്ങി
ഇന്ന് രാവിലെ 11 മണിയോടെയാണ് നടപടികൾ ആരംഭിച്ചത്.

തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് നടപടികൾ ആരംഭിച്ചത്.താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ വളർത്തു താറാവുകളിൽ ചിലത് നാല് ദിവസങ്ങൾക്ക് മുമ്പ് ചത്ത് വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 വൈറസ് ബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചത്.ഇരു കർഷകരുടെയും ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ 4000ത്തോളം താറാവുകളെ കഴിഞ്ഞ ദിവസം വിഷം നൽകി കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചുകളഞ്ഞിരുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്.