സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്ററിന്റെ ഉദ്ഘാടനം മെയ് 29 ന് മുഖ്യമന്ത്രി നിർവ്വഹിക്കും:ഡോ:ആർ.ബിന്ദു

May 12, 2025
സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്ററിന്റെ ഉദ്ഘാടനം മെയ് 29 ന് മുഖ്യമന്ത്രി നിർവ്വഹിക്കും:ഡോ:ആർ.ബിന്ദു
r bindhu minister

കോട്ടയം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെൻ്റർ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2025 മെയ് 29ന് വൈകിട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാർ അനുവദിച്ച മുപ്പത് ഏക്കർ ഭൂമിയിലാണ് കോട്ടയത്ത് സയൻസ് സിറ്റി ഉയരുന്നത്. ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവഷൻ ഹബ് എന്നിവ ഉൾക്കൊള്ളൂന്ന സയൻസ് സെന്ററാണ് ഇതിലെ പ്രധാന ഭാഗം. പ്ലാനേറ്റേറിയം, മോഷൻ സിമുലേറ്റർ, ഓഗ്മെൻ്റഡ് റിയാലിറ്റി / വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, സംഗീത ജലധാര, പ്രകാശ ശബ്ദ സമന്വയ പ്രദർശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങൾ, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, പ്രവേശനകവാടം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സയൻസ് സിറ്റി പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

47,147 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമേർജിങ്ങ് ടെക്നോളജി എന്നീ ശാസ്ത്ര ഗാലറികളും, ത്രീ-ഡി തിയേറ്റർ, ടെമ്പററി എക്സിബിഷൻ ഏരിയ, ആക്റ്റിവിറ്റി സെന്റർ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, വർക്ക് ഷോപ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സയൻസ് സെന്ററിന് ചുറ്റുമായി സയൻസ് പാർക്കും ദിനോസർ എൻക്ലേവും സ്ഥാപിച്ചിട്ടുണ്ട്. വാന നിരീക്ഷണ സംവിധാനത്തിനായി ടെലസ്കോപ്പും ഒരുക്കിയിട്ടുണ്ട്.

സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായി സയൻസ് സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള അനുബന്ധ പ്രവൃത്തികളായ ആന്തരിക റോഡുകൾ, കാമ്പസ് വൈദ്യുതീകരണം, ജലവിതരണ സംവിധാനം, സന്ദർശകർക്കുള്ള ഭക്ഷണശാല, ശൗചാലയ സംവിധാനം എന്നിവ പൂർത്തീകരിച്ചു വരികയാണ്.  

സയൻസ് സെന്റർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ സാമ്പത്തിക പങ്കാളിത്തത്തോടെ 14.5 കോടി രൂപ ചെലവിൽ സ്ഥാപിക്കാനാണ് ധാരണയായിരുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയമാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരുന്നത്. സംസ്ഥാന വിഹിതത്തിന് പുറമെ ഏകദേശം അമ്പതു കോടി രൂപയോളം അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനായി നാളിതുവരെ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടുണ്ട്.  

രണ്ടാം ഘട്ടം എന്ന നിലയിൽ 45 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കി കഴിഞ്ഞു.

കൂടാതെ, സയൻസ് സിറ്റി കാമ്പസിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സഹകരണത്തോടെ വിപുലമായ ഒരു ജൈവവൈവിദ്ധ്യ പാർക്ക് സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.  സംസ്ഥാനത്തെ വനങ്ങളിൽ ലഭ്യമായ തനത് സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, അന്യംനിന്നു പോകുന്ന അപൂർവ്വ സസ്യ ഇനങ്ങൾ, ഓർക്കിഡുകൾ, കള്ളിച്ചെടികൾ, ഉദ്യാന സസ്യങ്ങൾ, സുഗന്ധവ്യഞ്ജന സസ്യങ്ങൾ, വിവിധതരം മുളകൾ, പനവർഗ്ഗ ചെടികൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ജൈവവൈവിദ്ധ്യ ഉദ്യാനത്തിൽ ഉണ്ടാവുക.  ഓരോ സസ്യത്തിലും സന്ദർശകർക്ക് മനസ്സിലാക്കാനായി സസ്യത്തിന്റെ പേര്, ബൊട്ടാണിക്കൽ പേര്, മറ്റു വിശദാംശങ്ങൾ ഉൾപ്പെട്ട ബോർഡുകൾ എന്നിവ കൂടി ഉൾപ്പെടുത്തിയുള്ള സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.  ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനവും സയൻസ് സെന്ററിന്റെ ഒന്നാംഘട്ട ഉദ്ഘാടനത്തിനൊപ്പം ബഹു. മുഖ്യമന്ത്രി നിർവ്വഹിക്കും.

ജൈവവൈവിദ്ധ്യ ഉദ്യാനം പൂർത്തിയാകുന്നതോടെ ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തിൽ രാജ്യത്തുതന്നെ ഉന്നതശീർഷമായ ബൊട്ടാണിക്കൽ ഗാർഡനാകും കോട്ടയം സയൻസ് സിറ്റിയിൽ സ്ഥാപിതമാകുക

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.