വിശ്വാസ പ്രഘോഷണമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: അണക്കര ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയെട്ടാം രൂപതാ ദിനം സ്നേഹത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്തരുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പ്രതിനിധിസമ്മേളനത്തില്‍ സീറോ മലങ്കര സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നല്കി.
ദൈവം നയിച്ച വളർച്ചയുടെ വഴികൾ കൃതഞ്ജതാപൂർവം സ്മരിക്കണമെന്നും രൂപതയ്ക്ക് നേതൃത്വം നല്കിയ മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ എന്നിവർ സഭാത്മക ബോധ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയെ ബലപ്പെടുത്തുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശത്തിൽ ഓര്‍മ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന ശൈലിയും പ്രേഷിതാഭിമുഖ്യവും എല്ലാവർക്കും മാതൃകയാണെന്നും സാമുവൽ മാര്‍ ഐറേനിയോസ് മുഖ്യ പ്രഭാഷണമദ്ധ്യേ അനുസ്മരിപ്പിച്ചു. പൊതു സമൂഹത്തിൽ ക്രിയാത്മ ഇടപെടലുകൾ നടത്തുന്നതിന് സജീവമായ വിശ്വാസ ജീവിതത്തിലൂടെ സാധ്യമാകണമെന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു.
2026 മെയ് മാസം എപ്പാർക്കിയൽ അസംബ്ലി നടത്തുന്നതിന് നിശ്ചയിച്ചതായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രഖ്യാപിച്ചു. രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയ്ക്ക് എപ്പാർക്കിയൽ അസംബ്ലി ലിനമെന്ത നല്കികൊണ്ട് രൂപതാധ്യക്ഷൻ ലിനയമെന്ത പ്രകാശനം ചെയ്തു. പരസ്പരം ശ്രവിച്ച് ദൈവസ്വരത്തിന് കാതോർക്കുന്ന എപ്പാർക്കിയൽ അസംബ്ലിയിൽ ദൈവജനം മുഴവനും തങ്ങൾക്കായി നിശ്ചയിക്കപ്പെട്ട തലങ്ങളിൽ ക്രിയാത്മകമായി പങ്കു ചേരണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപതയുടെ പുതിയ വികാരി ജനറാളായി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേ ലിനെ നിയമിച്ചതായി മാർ ജോസ് പുളിക്കൽ രൂപതാദിന വേദിയിൽ പ്രഖ്യാപിച്ചു. രൂപത മൈനർ സെമിനാരി റെക്ടറായ ഫാ. സെബാസ്റ്റ്യൻ മെയ് 21 ന് ചുമതലയേൽക്കും. രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർക്കൊപ്പം ഫാ. സെബാസ്റ്റ്യൻ വികാരി ജനറാൾ ചുമതല നിർവഹിക്കും.
കാഞ്ഞിരപ്പള്ളി രൂപതയിൽ ഔദ്യോഗിക ശുശ്രൂഷ ജീവിതം പൂർത്തിയാക്കുന്ന മോൺസിഞ്ഞോർ ജോർജ് ആലുങ്കൽ, ഫാ. ഇമ്മാനുവൽ മങ്കന്താനം, ഫാ. ജോസഫ് ആലപ്പട്ടു കുന്നേൽ,ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോണറ്റ് ജോസ് ഈറ്റയ്ക്കക്കുന്നേൽ, സംരംഭകരെന്ന നിലയിൽ മികച്ച മുന്നേറ്റം കാഴ്ച്ചവയ്ക്കുന്ന റോബിൻ ടോമി കുളങ്ങര മുറിയിൽ, തോംസൺ ഫിലിപ്പ് വടക്കയിൽ, കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഇന്ത്യൻ യൂത്ത് പാർലമെൻ്റിൽ മികവ് തെളിയിച്ച കാഥറിൻ സിബി ഒറ്റ റയ്ക്കൽ എന്നിവർക്ക് രൂപതയുടെ ആദരവറിയിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സാസാരിച്ചു.
രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ച പ്രതിനിധി സമ്മേളനത്തില്‍ , ക്ലാരിസ്റ്റ് സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ടെസ്സ് മരിയ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്രമീകരണങ്ങൾക്ക് ജനറൽ കൺവീനർ അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടിയുടെ നേതൃത്വത്തിൽ അണക്കര ഫൊറോന വൈദികർ, സന്യസ്തരുൾപ്പെടെയുള്ള വോളണ്ടിയർ ടീം നേതൃത്വം നല്കി.
ഫോട്ടോ അടിക്കുറിപ്പ് : കാഞ്ഞിരപ്പള്ളി രൂപതാദിന പ്രതിനിധി സമ്മേളനത്തിന് സീറോ മലങ്കര സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാര്‍ ഐറേനിയോസ് തിരിതെളിക്കുന്നു. മാര്‍ ജോസ് പുളിക്കല്‍, മാർ മാത്യു അറയ്ക്കൽ എന്നിവർ സമീപം.