തിരഞ്ഞെടുപ്പു ദിവസവും തലേന്നും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം
സ്ഥാനാർഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി)യുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
മലപ്പുറം : തിരഞ്ഞെടുപ്പു ദിവസവും (ഏപ്രില്‍ 26) തലേന്നും (ഏപ്രില്‍ 25) സ്ഥാനാർഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി)യുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പരസ്യം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതിന് രണ്ടുദിവസം മുമ്പെങ്കിലും ഇതിനായുള്ള അപേക്ഷ സമർപ്പിക്കണം. സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പരസ്യങ്ങളുടെ അനുമതിക്കായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് സെല്ലിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പരസ്യങ്ങളുടെ അനുമതിക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. Annexure-A പ്രകാരം നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയാണ് നൽകേണ്ടത്. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് അപേക്ഷ നൽകേണ്ടത്.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് മുൻകാലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങൾ കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുൻകൂർ അനുമതി ആവശ്യപ്പെടുന്നത്.
ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലയളവിലുടനീളം എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : നോഡല്‍ ഓഫീസര്‍- എം.സി.എം.സി & ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ബി.3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം. ഫോണ്‍: 0483 2734387, മൊബൈല്‍: 9496003205, ഇ.മെയില്‍: [email protected].