പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനം വെള്ളാര്‍മല സ്‌കൂള്‍ റോഡില്‍
ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

വയനാട്: ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ നടന്ന ദുരിത ബാധിത മേഖലയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി ഇവിടെത്തിയത്. ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. വെള്ളാര്‍മല സ്‌കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് കണ്ടു. തുടര്‍ന്ന് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല സ്‌കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളിലൂടെ അദ്ദേഹം നടന്നു സന്ദര്‍ശിച്ചു.
അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണിപ്പോള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് ചൂരല്‍മലയിലെ ബെയിലി പാലത്തിലൂടെ മറുകരയിലേക്ക് പോകും. തുടര്‍ന്ന് മറുകരയില്‍ വെച്ച് രക്ഷാദൗത്യത്തില്‍ പങ്കാളികളായ സൈനികരുമായും കൂടിക്കാഴ്ച നടത്തും. സ്‌കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ,ചീഫ് സെക്രട്ടറി ഡോ .വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ദുരന്ത മേഖലയിലെ സന്ദര്‍ശനത്തിനുശേഷം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ക്യാമ്പിലും സന്ദര്‍ശനം നടത്തും. വൈകിട്ട് മൂന്നുമണി വരെ പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തമേഖലയില്‍ തുടരും