വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി വി എൻ വാസവൻ

Jul 10, 2024
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി വി എൻ വാസവൻ

തുറമുഖം സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ 'സാൻ ഫെർണാണ്ടോ  മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.

അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനർ കപ്പലായ സാൻ ഫെർണാണ്ടോ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും.

ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി  വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റ് പൂർണതോതിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായതായും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമായി.

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ, എം വിൻസെന്റ് എംഎൽഎ, അദാനി പോർട്ട് സി ഇ ഒ കരൺ അദാനി, വിശിഷ്ടവ്യക്തികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി കെ എൻ ശ്രീനിവാസ്, അദാനി പോർട്ട് സി ഒ ഒ പ്രദീപ് ജയരാമൻ എന്നിവർ പങ്കെടുത്തു.

ട്രയൽ റൺ എന്തിന്

വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്‌നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്‌ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന പ്രവർത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്നറുകൾ (ചരക്കുകൾ നിറച്ച കണ്ടെയ്നർ) വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.