സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക പ്രവര്‍ത്തനങ്ങള്‍ക്കായി കളിക്കളം നിര്‍മ്മിക്കും : മന്ത്രി വി. അബ്ദുറഹിമാന്‍
കായിക വകുപ്പിനു കീഴില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സര്‍ക്കാര്‍ ഏറ്റെടു ക്കും

വട്ടിയൂര്‍ക്കാവ് : സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക പ്രവര്‍ത്തനങ്ങള്‍ക്കായി കളിക്കളം നിര്‍മ്മിക്കുമെന്നും, 2027ല്‍ കായിക വകുപ്പിനു കീഴില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ പുതുതായി പണികഴിപ്പിച്ച അക്കാദമിക്/ റസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.38 കോടി രൂപ വിനിയോഗിച്ചാണ് അക്കാദമിക്/ റസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്കും പരിശീലത്തിനത്തിനുമായി എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്കും ഒപ്പമെത്തുന്ന പരിശീലകര്‍, ഒഫിഷ്യലുകള്‍ എന്നിവര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഷൂട്ടിംഗ് റേഞ്ചിലെ പ്രധാന കവാടത്തിനു സമീപം റസിഡന്‍ഷ്യല്‍ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ചില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവിലേതെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കിയതിന് സ്ഥലം എംഎല്‍എ കൂടിയായ വി.കെ. പ്രശാന്തിനെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങില്‍ വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു പ്രദേശത്ത് 50ലക്ഷം രൂപ ചെലവില്‍ ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മിച്ചതെന്നും. ഇപ്പോള്‍ റസിഡന്‍ഷ്യല്‍ ബ്ലോക്ക് കൂടി യാഥാര്‍ഥ്യമായതോടെ കായിക താരങ്ങള്‍ നേരിട്ടിരുന്ന താമസ സൗകര്യം എന്ന ബുദ്ധിമുട്ടും മാറിയതായി അദ്ദേഹം പറഞ്ഞു.കിഫ്ബി പദ്ധതി വഴി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടത്താന്‍ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷൂട്ടിംഗ് റേഞ്ചില്‍ ഗസ്റ്റ് ഹൗസും ഹോസ്റ്റലും നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2,38,13,524 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. നിലവില്‍ റസിഡന്‍ഷ്യല്‍ ബ്ലോക് യാഥാര്‍ഥ്യമായതോടെ ഇവിടെയെത്തുന്ന കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ഇനി താമസ സൗകര്യത്തിനായി മറ്റു സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.ചടങ്ങില്‍ സ്‌പോര്‍ട്ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍. പി.കെ, കായിക വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.