ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് ആയ ഇടുക്കി ജലവൈദ്യുതപദ്ധതിക്ക് 49 വയസ്സ്
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ്.

ഇടുക്കി : 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്തത്.ജലവൈദ്യുതപദ്ധതി കമ്മിഷന്‍ ചെയ്തിട്ട് ഇന്ന് 49 വര്‍ഷം പൂര്‍ത്തിയായി.സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ്. കട്ടപ്പനമുതല്‍ ഇടുക്കിവരെ 18 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കല്യാണത്തണ്ട് മലനിരകള്‍ അവസാനിക്കുന്ന കുറത്തിമലയും കുറവന്‍മലയും തമ്മില്‍ ബന്ധിപ്പിച്ച് പെരിയാറിന്റെ നീരൊഴുക്കുതടഞ്ഞാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയും യോജിപ്പിച്ച് നിര്‍മിച്ച ഇടുക്കി അണക്കെട്ടിന് 555 അടി ഉയരമുണ്ട്.ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് അണക്കെട്ടുകള്‍ ഇടുക്കി പദ്ധതിയുടെ ഭാഗമാണ്. 60 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ജലസംഭരണിയാണ് ഇടുക്കി. ഇങ്ങനെ തടഞ്ഞുനിര്‍ത്തിയ ജലം ലോഹക്കുഴലുകളിലൂടെ മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതനിലയത്തിലെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 780 മെഗാവാട്ടാണ് ഇടുക്കി പദ്ധതിയുടെ വൈദ്യുതി ഉത്പാദനശേഷി.ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് ഇടുക്കി അണക്കെട്ടും ഇതിന്റെ ചുറ്റുപാടുകളും.