സംസ്ഥാനത്ത് എലിപ്പനി മരണം വര്‍ധിക്കുന്നു;ഈ വര്‍ഷം ഇതുവരെ 121 മരണം: ജാഗ്രത പാലിക്കണം
104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് എലിപ്പനി മരണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു. ഈ മാസം ഇതുവരെ 24 പേരാണു രോഗം ബാധിച്ചു മരിച്ചത്. ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 1936 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു. 1581 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഇത്തവണ മഴക്കാല പൂര്‍വശുചീകരണം വൈകിയതാണ് എലിപ്പനി പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. 2022ല്‍ 93 പേരും 2023ല്‍ 103 പേരുമാണു രോഗം ബാധിച്ചു മരിച്ചത്.മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ല. മാത്രമല്ല, ഒരു ലിറ്റര്‍ എലി മൂത്രത്തില്‍ 100 മില്യണോളം എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുകയും ചെയ്യും. രോഗാണുവിന്റെ സ്രോതസായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന എലിപ്പനി രോഗാണുക്കള്‍ തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണു മനുഷ്യരിൽ രോഗബാധയുണ്ടാവുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെയോ, എലിയുടെയോ മൂത്രം കലര്‍ന്ന മലിനജലം കണ്ണിലോ, മൂക്കിലോ വീഴുന്നതും ജലം തിളപ്പിച്ചാറ്റാതെ കുടിക്കുന്നതും രോഗാണുവിനു നേരിട്ട് ശരീരത്തിന്റെ ഉള്ളിലേക്കു കയറാന്‍ വഴിയൊരുക്കുന്നു.