മുദ്രപത്ര ദൗർലഭ്യം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
 
                                    തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് പഴയ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം ചെയ്യാൻ അധികാരമുള്ള കൂടുതൽ റവന്യു ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിൽ നിന്നും വിശദീകരണം തേടി.വാടക കരാർ, ചിട്ടി, സമ്മത പത്രങ്ങൾ തുടങ്ങിയവക്ക് ആവശ്യമുള്ള 100, 200, 500 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടികടക്കുന്ന 5, 10, 20 രൂപയുടെ പഴയ മുദ്രപത്രങ്ങൾ പുനർമൂല്യം ചെയ്താൽ പ്രതിസന്ധി പരിഹരിക്കാമെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ ഇതിനാവശ്യമുള്ള റവന്യു ഉദ്യേഗസ്ഥരുടെ കുറവുള്ളതായി പരാതിക്കാരൻ അറിയിച്ചു. ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ലഭിക്കാത്തതു കാരണം 1000, 5000 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങാൻ ആവശ്യക്കാർ നിർബന്ധിതരാകുന്നതായി പരാതിയിൽ പറയുന്നു.റവന്യു സെക്രട്ടറി, നികുതി സെക്രട്ടറി, ട്രഷറി ഡയറക്ടർ, രജിസ്ട്രേഷൻ ഐ.ജി. എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആനയറ ആർ. കെ. ജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            