*'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ചെയ്തു*DIAL 1800-425-6789
ജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനമാണ് സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി **പരാതിയിന്മേൽ 48 മണിക്കൂറിനകം നടപടി വിളിച്ച് അറിയിക്കും

ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെന്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവുമെന്നത് ഉൾക്കൊണ്ടാണ് ഈ ജനകീയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ മുൻപ് എവിടെയും ഇല്ലാത്ത സംവിധാനമാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയ രംഗത്തു വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കാനും, ജനങ്ങളുടെ പ്രശ്നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കാനും, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കാനുമാണ് ഈ സംവിധാനം. സി എം വിത്ത് മി - യിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിച്ചിരിക്കും എന്നതാണ് നിലവിലുള്ള സംവിധാനത്തിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയിൽ ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണ്. ഈ തത്വം അക്ഷരാർത്ഥത്തിൽത്തന്നെ നടപ്പാവേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ഒമ്പതു വർഷവും പ്രവർത്തിച്ചത്. വാഗ്ദാനങ്ങളിൽ നടപ്പാക്കിയത്, നടപ്പാക്കാൻ കഴിയാത്തത് എന്നിവ വർഷാന്ത്യത്തിൽ ജനങ്ങളോടു തുറന്നുപറയുന്ന പ്രോഗ്രസ് റിപ്പോർട്ട്, മന്ത്രിസഭ ഒട്ടാകെ ജനങ്ങൾക്കു പറയാനുള്ളതു കേൾക്കാൻ നാട്ടിലേക്കിറങ്ങിയ നവകേരള സദസ്സ്, തദ്ദേശസ്ഥാപന തലത്തിൽ സംഘടിപ്പിക്കപ്പെട്ട വികസന സദസ്സുകൾ, മൂന്നു ഘട്ടങ്ങളിലായി നടന്ന ഫയൽ അദാലത്തുകൾ, ഒന്നിലധികം ജില്ലകളിലായി പടർന്നുനിൽക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ കളക്ടേഴ്സ് കോൺഫറൻസുകൾ തുടങ്ങി മുമ്പൊരു കാലത്തുമില്ലാത്ത പുതുമയാർന്ന കാര്യങ്ങൾ ആവിഷ്‌ക്കരിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് പ്രാധാന്യം നൽകുന്നതുകൊണ്ടാണ്.
ഇതിനൊക്കെപ്പുറമെയാണ് മുഖ്യമന്ത്രി എന്നോടൊപ്പം എന്ന അതിനൂതനമായ പദ്ധതിയുമായി സർക്കാർ ജനങ്ങളിലേക്കെത്തുന്നത്. മുഖ്യമന്ത്രി എന്നോടൊപ്പം എന്നതിന് സർക്കാർ അപ്പാടെ പൗരരോടൊപ്പം എന്നുതന്നെയാണ് അർത്ഥം. സദാ ഉണർന്നിരിക്കുന്ന ഒരു ടീമിനെ സിറ്റിസൺ കണക്ട് സെന്ററിൽ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനുള്ളവ അങ്ങനെയും, മന്ത്രിമാർ ഉൾപ്പെട്ട് പരിഹരിക്കാനുള്ളവ ആ വിധത്തിലും കൈകാര്യം ചെയ്യും. ജനങ്ങളെ ഭരണനിർവ്വഹണത്തിൽ പങ്കാളികളാക്കുന്ന പദ്ധതിയാണിത്. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും എല്ലാവരുടെയും അഭിപ്രായവും ഉൾക്കൊള്ളാനും സർക്കാരിനു കഴിയും. അതിലൂടെ ജനങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളാണെന്നും ഉറപ്പാകും.
സി എം വിത്ത് മി പരിപാടിയുടെ കാര്യക്ഷമതയ്ക്കായി വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും. പോലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പോലീസിലെ തന്നെ 10 പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ വകുപ്പുകളിൽ നിന്നുമുള്ളവരുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപന ചുമതലയും മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പരിപാലന ചുമതലയും വഹിക്കും. എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും. കോൾ സെന്ററിന് രണ്ട് ലെയർ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന റിസീവിങ് ലെയർ 24 മണിക്കൂറും പ്രവർത്തിക്കും. ഒരേസമയം 10 കോളുകൾ കൈകാര്യം ചെയ്യാൻ സൗകര്യമുണ്ടാകും. പരാതികൾ ക്ഷമയോടെ കേട്ട് രേഖപ്പെടുത്തുന്നവരുണ്ടാകും. രണ്ടാം ലെയർ വകുപ്പുതല പരിഹാരത്തിന്റേതാണ്. തദ്ദേശ സ്വയംഭരണം, റവന്യൂ, ഹോം, സഹകരണ വകുപ്പുകളിൽ നിന്ന് രണ്ട് വീതവും മറ്റ് 22 പ്രധാന വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും ഈ ലെയറിലുണ്ടാകും. ആദ്യ ലെയറിൽ നിന്ന് പരാതി രണ്ടാം ലെയറിലെത്തും. അവിടെ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും.
പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും. പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ഉള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്കു സമർപ്പിക്കാം. അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി ഇതു മാറും. സിറ്റിസൺ കണക്ട് സെന്ററിലൂടെ ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാം. നീതി ലഭിക്കാതെ വന്നതിനെ കുറിച്ചുള്ള പരാതികളടക്കം ശ്രദ്ധയിൽ പെടുത്താം. അതിനൊക്കെ പരിഹാരം കാണും.
സംസ്ഥാനത്തിന്റെ പുരോഗതി സാമ്പത്തിക വളർച്ചയുടെ സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടുമാത്രമല്ല, ജനജീവിതത്തിന്റെ യാഥാർത്ഥ്യം കൊണ്ടുകൂടിയാണ് അളക്കേണ്ടത്. പലപ്പോഴും അളക്കപ്പെടാതെ പോകുന്നത് ഈ രണ്ടാമത്തെ കാര്യമാണ്. നവകേരള സദസ്സുമായി കേരളത്തിലാകെ സഞ്ചരിച്ചപ്പോൾ തന്നെ ഇതേക്കുറിച്ച് മന്ത്രിസഭയ്ക്ക് തോന്നലുണ്ടായതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ടു പറയാം എന്ന നിലയ്ക്കുള്ള ഒരു സംവിധാനം ഏർപ്പെടുത്താം എന്നു നിശ്ചയിച്ചത്.
കേരളം വളർച്ചയിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തുണ്ടായ വികസനത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കഴിഞ്ഞ 9 വർഷങ്ങളായി നവകേരള നിർമ്മാണ പദ്ധതികൾ മുമ്പോട്ടുപോവുകയാണ്. അടിസ്ഥാന ജീവിത സൗകര്യങ്ങളും സുസ്ഥിര വികസനവും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസ വ്യവസ്ഥയും ഉറപ്പാക്കിയതിന്റെ അടിത്തറയിൽ നിന്ന് നാം പുതിയ കാലത്തിലേക്ക് ഉയർന്നെത്തുകയാണ്. ആർദ്രം മിഷൻ, വിദ്യാകിരണം, ഹരിതകേരളം, ലൈഫ് എന്നിവയുണ്ടാക്കിയ മാറ്റവും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. വീടില്ലാത്ത കുടുംബങ്ങൾക്കെല്ലാം വീട് ലഭിക്കുന്ന നിലയുണ്ടാകുന്നു. ഭൂരഹിതർക്കു ഭൂമി ലഭിക്കുന്നു. രാജ്യത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു. വ്യാപകമായി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തെ മികച്ച സാമുദായിക സൗഹാർദ്ദവും സമാധാനവും ഉള്ള നാടായി കേരളം മാറിയിരിക്കുന്നു.
ഇനി വേണ്ടത് നവകേരള നിർമ്മിതിയാണ്. നവകേരള നിർമ്മിതി എന്നാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള ജനതയായി കേരളജനതയെ ഉയർത്തുക എന്നതാണ്. നവകേരള നിർമ്മിതി പൂർണ്ണമാവുക ജനങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലും എല്ലാ പ്രദേശങ്ങളിലും എത്തേണ്ടതുണ്ട്, ജീവിത വ്യവസ്ഥയിൽ പ്രതിഫലിക്കേണ്ടതുണ്ട്. അതിന് എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായമുണ്ടാകും. പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടാവും. അതൊക്കെ സർക്കാരിനു വിലപ്പെട്ടതാണ്. ജനാഭിപ്രായമറിഞ്ഞും പോരായ്മകൾ പരിഹരിച്ചും മാത്രമേ വികസനത്തിലേക്ക് എത്താൻ കഴിയൂ. ഭരണകർത്താക്കൾക്കും ജനങ്ങൾക്കും തമ്മിൽ അകലമില്ലാത്ത ഒരു ആശയവിനിമയ സംവിധാനമുണ്ടാകണം. ആ ഒരു കാഴ്ചപ്പാടാണ് 'സി എം വിത്ത് മി' എന്ന പരിപാടിയുടെ പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസനമേഖലകളിൽ കേരളം സമാനതകൾ ഇല്ലാത്ത അധ്യായം തീർക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ, അഭിപ്രായങ്ങൾ കേൾക്കാൻ, ആവശ്യമായ ഇടപെടൽ നടത്താൻ, മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും നേരിട്ട് സംസാരിക്കാൻ **'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പദ്ധതിയിലൂടെ സാധ്യമാവുകയാണ്. സർക്കാർ എന്നും ജനങ്ങൾക്ക് ഒപ്പമാണെന്ന് ഉറപ്പാക്കുന്ന ആശയ വിനിമയത്തിന്റെ പുതിയ മാർഗ്ഗമാണിത്. ജനങ്ങൾക്ക് ഉറപ്പുകൾ നേരിട്ട് നൽകുന്ന സംവിധാനമാണിതെന്നും സ്വപ്നങ്ങൾ സാക്ഷത്കരിക്കാനുള്ള പുതുവഴിയിലേക്ക് കേരളം കടക്കുകയാണെന്നും റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സിറ്റിസൺ കണക്ട് സെന്ററിലേക്ക് ആദ്യമായി വിളിച്ച സിനിമാ നടൻ ടോവിനോ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. പദ്ധതിയ്ക്ക് എല്ലാവിധ ആശംസകളും ടോവിനോ അറിയിച്ചു. തുടർന്ന് വന്ന മൂന്ന് കോളുകൾ സ്വീകരിച്ച് ജനങ്ങളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു.
1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെ സിറ്റിസൺ കണക്ട് സെന്ററിലേക്ക് ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കാം.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ഡോ ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, വീണ ജോർജ്ജ്, കെ കൃഷ്ണൻകുട്ടി, വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു