തൃശ്ശൂരിൽ ഇന്ന് പുലികളി: ഇത്തവണ ഒമ്പതു പുലിക്കളി സംഘങ്ങൾ
പുലിവരയ്ക്കും ചമയപ്രദർശനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു ട്രോഫിയും കാഷ് പ്രൈസും കോർപറേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്ലോട്ടും ഇക്കുറിയുണ്ടാകും.

തൃശൂർ : നാലാമോണനാളായ ഇന്നു നഗരത്തെ ആവേശത്തിലാറാടിക്കാന് പുലികൾ ഇറങ്ങും. ഇന്നുച്ചയോടെ ഒന്പതു സംഘങ്ങളാണു മടവിട്ടിറങ്ങുക.ഉച്ചകഴിഞ്ഞു 4.30ന് സ്വരാജ് റൗണ്ടിൽ തെക്കേഗോപുര നടയ്ക്കു സമീപം വെളിയന്നൂർ ദേശം സംഘത്തിനു മന്ത്രിമാരും എംഎൽഎയും ചേർന്നു ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്കു തുടക്കമാകും.വിയ്യൂർ യുവജനസംഘം, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്ക്കനാൽ പുലിക്കളി സമാജം, പാട്ടുരായ്ക്കൽ ദേശം കായികസാംസ്കാരിക സമിതി, വെളിയന്നൂർ ദേശം പുലിക്കളി സമാജം, കുട്ടൻകുളങ്ങര എന്നിവയാണ് ഒന്നിനൊന്നു മികച്ച പുലികളുമായി സ്വരാജ് റൗണ്ട് കീഴടക്കുക. പുലിയിറക്കത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രിയോടെ തുടങ്ങി. നിശ്ചല ദൃശ്യങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്.
ഇക്കുറി പുലിക്കളിക്ക് അന്പതുലക്ഷം രൂപയുടെ ഇൻഷ്വറൻസും കോർപറേഷൻ ഒരുക്കിയിട്ടുണ്ട്. പുലിവരയ്ക്കും ചമയപ്രദർശനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു ട്രോഫിയും കാഷ് പ്രൈസും കോർപറേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്ലോട്ടും ഇക്കുറിയുണ്ടാകും.