കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണ നിയമമാണ് എന്റെ ഭൂമി ഡിജിറ്റൽ സർവേ: മന്ത്രി കെ രാജൻ
 
                                "എന്റെ ഭൂമി" സമഗ്ര ഭൂവിവര സംവിധാനം നിലവിൽ വരുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ വരുന്ന പ്രതിസന്ധികൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും. ഇതോടെ കേരളം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന രണ്ടാം ഭൂപരിഷ്കരണ നിയമമാണ് "എന്റെ ഭൂമി" ഡിജിറ്റൽ റിസർവെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിവിധ സംസ്ഥാനങ്ങളിലെ റവന്യൂ വകുപ്പ് മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ, റവന്യൂ ആൻഡ് സെറ്റിൽമെന്റ് ഡയറക്ടർമാർ, അന്താരാഷ്ട്ര പ്രതിനിധികൾ, ഡൊമെയ്ൻ വിദഗ്ധർ, തുടങ്ങിയവർ പങ്കെടുക്കുന്ന ഓൾ ഇന്ത്യ കോൺക്ലേവായ ഭൂമി കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിനു മാതൃകയാകുന്ന വിധത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തിയാലോ എന്ന ആലോചനയിൽ നിന്നാണ് ഓൾ ഇന്ത്യ സർവ്വേ കോൺക്ലേവ് എന്ന ആശയത്തിലേക്ക് എത്തുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളടക്കം 26 സംസ്ഥാനങ്ങൾ അനുകൂല നിലപാട് അറിയിച്ചു. ഏകദേശം 23 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ജനകീയ ആശയവിനിമയമായിരിക്കും കേരളം ആരംഭിച്ച ഡിജിറ്റൽ സർവേ സംബന്ധിച്ച് ഉണ്ടാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. ഈ നവോത്ഥാനപരമായ പദ്ധതിയിലൂടെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ ഭൂസേവനങ്ങൾ ഏകോപിപ്പിച്ച്, പൗരന്മാർക്ക് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു ഏകജാലക പ്ലാറ്റ്‌ഫോം മുഖേന ലഭ്യമാകുന്ന രീതിയിൽ എന്റെ ഭൂമി സമഗ്ര ഭൂവിവര സംവിധാനവും നടപ്പാക്കിയതിലൂടെ ഇന്ത്യ കേരളത്തിലെ അത്ഭുതകരമായ മാറ്റം കണ്ടു പഠിക്കുകയാണ്. കേരളത്തിൽ സമഗ്ര ഭൂവിവര സംവിധാനം ആദ്യമായി നിലവിൽ വരുന്നത് മഞ്ചേരിയിലാണെങ്കിലും ഒരു മാസത്തിനകത്ത് 100 വില്ലേജുകളിൽ ഈ സംവിധാനത്തിന്റെ പ്രയോജനം പൂർണമായും ഉപയോഗപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് സർക്കാർ. ഈ നവംബർ മാസത്തോടെ പോർട്ടൽ നിലവിൽ വരുന്ന വില്ലേജുകളിൽ സ്മാർട്ട് റവന്യൂ കാർഡ് വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും. ഇതോടെ കേരളം ഇന്ത്യക്കു മുൻപേ സഞ്ചരിക്കുന്നു എന്നതിന് പകരം കേരളം ലോകത്തിനൊപ്പം സഞ്ചരിക്കുന്നുവെന്ന് പറയാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച "എൻ്റെ ഭൂമി" ഡിജിറ്റൽ ലാൻഡ് സർവെ പദ്ധതിയുടെ ഭാഗമായി ഇതുവരെ 51.79 ലക്ഷം പാർസലുകളിലായി 7.01 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കി. നിലവിൽ 300 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി. അടുത്ത 200 വില്ലേജുകളിൽ സർവെ ജോലികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. അത്യാധുനിക സർവേ ഉപകരണങ്ങളും സമഗ്രമായ സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും ഉപയോഗിച്ച്, ഫീൽഡിൽ വച്ച് തന്നെ സർവെ സ്കെച്ച്, ഡാറ്റാ വാലിഡേഷൻ, പബ്ലിഷിംഗ്, തത്സമയ ഓൺസൈറ്റ് റിക്കാർഡ് പരിശോധന തുടങ്ങിയ സർവെയുടെ എല്ലാ ഘട്ടങ്ങളും സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എൻഡ് ടൂ എൻഡ് ഡിജിറ്റൽ സർവേ പദ്ധതിയാണ് "എൻ്റെ ഭൂമി" പദ്ധതി. ജൂൺ 25, 28 ദിനങ്ങളിൽ തിരുവനന്തപുരം, കോവളം ഉദയ സമുദ്രയിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സർവെ ഡയറക്ടർ സീറാം സാംബ ശിവ റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവെ ഉത്തരമേഖല ജോയിന്റ് ഡയറക്ടർ കെ സുനിൽ, അഡീഷണൽ ഡയറക്ടർ പി എസ് സതീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. അജികുമാർ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            