പഞ്ചപ്രാണ്‍ പോസ്റ്റര്‍ രചന മത്സരം : ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാര്‍ഥിനി എസ്. തീർഥ
പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാര്‍ഥിനി എസ്. തീർഥ
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിന്റെ 75-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര നീതിന്യായ മന്ത്രാലയം സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാര്‍ഥിനി എസ്. തീർഥ. പ്രയാഗ്രാജിൽ ചൊവ്വാഴ്ച നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അരുണ്‍ ബന്‍സാലി എന്നിവരില്‍ നിന്നും തീര്‍ഥ പുരസ്‌കാരം ഏറ്റുവാങ്ങി. സര്‍ട്ടിഫിക്കറ്റും 10,000 രൂപ ക്യാഷ് പ്രൈസുമാണ് ഒന്നാം സമ്മാനമായി നേടിയത്.
.പ്രധാനമന്ത്രിയുടെ പഞ്ചപ്രാണ്‍ പ്രഖ്യാപനങ്ങളുടെ മാതൃകയില്‍ വികസിത ഇന്ത്യയെന്ന പ്രമേയത്തിലാണ് പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചത്. കോഴിക്കോട് നീലേശ്വരം ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് തീര്‍ഥ. താമരശ്ശേരി സായിലക്ഷ്മിയിൽ പി. വിജേഷിന്റെയും ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക എം. ഷബ്നയുടെയും മകളാണ്. സഹോദരി എസ്. പുണ്യ നാലാം ക്ലാസ് വിദ്യാർഥിനി.
വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2023ല്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ പെയിന്റിങ് മത്സരത്തിലും തീര്‍ഥ ഒന്നാം സ്ഥാനം നേടിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിൽ നിന്നുമാണ് തീർഥ കഴിഞ്ഞ വർഷം പുരസ്കാരം ഏറ്റുവാങ്ങിയത്. ജലച്ചായം, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ ഡിസൈൻ, കാർട്ടൂൺ എന്നിവയ്ക്ക് പുറമേ ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവയിലും തീർഥ മികവ് തെളിയിച്ചിട്ടുണ്ട്.