യുഡിഎഫ് വിട്ടുനിന്നു; പാലായില്‍ നഗരസഭാ ചെയര്‍മാനെതിരായ അവിശ്വാസം പാസായി
എല്‍ഡിഎഫ് പിന്തുണച്ചു

കോട്ടയം: പാലാ നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തനെതിരേ യുഡിഎഫ് സ്വതന്ത്രന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അവസാനനിമിഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും ഭരണകക്ഷിയായ എല്‍ഡിഎഫ് പിന്തുണച്ചതോടെ 14 വോട്ടിന് അവിശ്വാസ പ്രമേയം പാസായി.
പാലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 26 അംഗങ്ങളില്‍ യുഡിഎഫിന് 12 ഉം എല്‍ഡിഎഫിന് 14ഉം അംഗങ്ങളുമാണ് ഉള്ളത്.
എല്‍ഡിഎഫിലെ ധാരണയനുസരിച്ച് ചെയര്മാന് സ്ഥാനത്ത് നിന്ന് മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവായ ഷാജു വി. തുരുത്തന് സ്ഥാനം ഒഴിയണമായിരുന്നു. എന്നാല്‍ അതിന് അദ്ദേഹം തയാറായില്ല. അതിനിടെയാണ് സ്വതന്ത്ര അംഗം ജിമ്മി ജോസഫ് യുഡിഎഫിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വ്യാഴാഴ്ച രാവിലെ എല്‍ഡിഎഫ് പാലാ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഷാജു തുരുത്തന് രാജിവയ്ക്കണമെന്നും കരാര്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എഗ്രിമെന്റ് പ്രകാരം ഇക്കഴിഞ്ഞ രണ്ടിന് ഷാജു തുരുത്തന് രാജി വയക്കേണ്ടതാണെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് പീറ്ററിന് അവസാന ടേമില്‍ ചെയര്മാന് സ്ഥാനം ലഭിക്കേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ പടിഞ്ഞാറെക്കര, സിപിഎം പാര്‍ലമെന്ററി ലീഡര്‍ ജോസിന് ബിനോ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച യോഗം ചേര്‍ന്നത്. 14 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് ചെയര്‍മാന്റെ മേശപ്പുറത്ത് വയ്ക്കുകയും വിവരം അറിയിക്കുകയും ചെയ്തിരുന്നു.