ശ്രീലങ്കയിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും തുടർന്ന് ഇന്ത്യൻ വ്യോമസേന
ശ്രീലങ്കയിൽ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് 'ഓപ്പറേഷൻ സാഗർ ബന്ധു'വിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന (IAF) തുടർച്ചയായ മൂന്നാം ദിവസവും നിർണായകമായ മാനുഷിക സഹായവും ദുരന്ത നിവാരണവും (HADR) പിന്തുണ നൽകുന്നത് തുടരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മൂന്നാം ദിവസം, ഇന്ത്യൻ വ്യോമസേന ഇതുവരെ കെഗല്ലെയിലും കോട്മലയിലും 5860 കിലോഗ്രാം സാധനങ്ങളും ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചു. കോട്മലയിലും ഇംഗുരുവട്ടയിലും കുടുങ്ങിക്കിടക്കുന്ന 70 മുതിർന്നവരും 21 കുട്ടികളും ഉൾപ്പെടെ ആകെ 91 പൗരന്മാരെ വ്യോമസേന ഹെലികോപ്റ്ററുകൾ രക്ഷപ്പെടുത്തി. കൂടാതെ, ദുർഘട മേഖലകളിൽ നിന്ന് 5 പൗരന്മാരെയും രക്ഷപ്പെടുത്തി. പരസ്പര വിശ്വാസത്തിലും പ്രാദേശിക ഐക്യത്തിലും വേരൂന്നിയ അതുല്യ പങ്കാളിത്തം രൂപപ്പെടുത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക, സാംസ്കാരിക, സമുദ്ര ബന്ധങ്ങളുടെ പാരമ്പര്യം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നു.
ഈ പങ്കാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിൽ ഒന്നാണ് പ്രകൃതി ദുരന്തങ്ങൾ, അടിയന്തരാവസ്ഥകൾ, പ്രതിസന്ധികൾ എന്നിവയിൽ ശ്രീലങ്കയ്ക്ക് ഇന്ത്യ സ്ഥിരവും സമയബന്ധിതവുമായ മാനുഷിക സഹായവും ദുരന്ത നിവാരണവും (HADR) നൽകുന്നത്.
ഇന്ത്യ ശ്രീലങ്ക സഹകരണത്തിന് ഏകദേശം 65 വർഷം പഴക്കമുണ്ട് . 1957 ഡിസംബറിൽ ഇന്ത്യ ബെൽ 47G ഹെലികോപ്റ്ററുകൾ വഴി സഹായവും വെള്ളപ്പൊക്ക ദുരിതാശ്വാസവും ശ്രീലങ്കയ്ക്ക് നൽകിയിരുന്നു. 2004 ഡിസംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമിയോടുകൂടിയാണ് HADR ബന്ധത്തിലെ ഒരു നിർണായക ഘട്ടം ആരംഭിച്ചത്. അന്ന് ശ്രീലങ്ക അഭൂതപൂർവമായ നാശ നഷ്ടങ്ങൾ നേരിട്ടു. മണിക്കൂറുകൾക്കുള്ളിൽ നാവിക കപ്പലുകൾ, വിമാനങ്ങൾ, മെഡിക്കൽ ടീമുകൾ, എഞ്ചിനീയറിംഗ് യൂണിറ്റുകൾ എന്നിവ അയച്ച് ഇന്ത്യ അതിന്റെ ഏറ്റവും വലിയ വിദേശ മാനുഷിക ദൗത്യങ്ങളിലൊന്നായ 'ഓപ്പറേഷൻ റെയിൻബോ' ആരംഭിച്ചു. ഇന്ത്യയുടെ ഭാവിയിലെ പ്രാദേശിക ദുരന്ത പ്രതികരണ ശേഷികൾക്ക് ഈ ദൗത്യം മാതൃകയായി. തുടർന്നുള്ള ദശകത്തിൽ, 2010 ലെ വെള്ളപ്പൊക്കം, 2016 ലെ വെള്ളപ്പൊക്കം, റോനു ചുഴലിക്കാറ്റ്, 2017 ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നീ ഒന്നിലധികം അടിയന്തരാവസ്ഥകളിൽ ശ്രീലങ്കയിൽ ആദ്യ സഹായ ഹസ്തം നൽകുന്നത്. ഇന്ത്യ തുടർന്നു.
ഇന്ത്യയുടെ മികച്ച ദുരന്ത നിവാരണ തയ്യാറെടുപ്പുകൾ ലോജിസ്റ്റിക്കൽ കഴിവുകൾ, പ്രാദേശിക മാനുഷിക നേതൃത്വത്തോടുള്ള പ്രതിബദ്ധത എന്നിവ ഈ ദൗത്യങ്ങൾ എടുത്തുകാണിച്ചു.
ഇന്ത്യൻ വ്യോമസേന ശ്രീലങ്കയിൽ നടത്തികൊണ്ടിരിക്കുന്ന മാനുഷിക സഹായവും ദുരന്ത നിവാരണ ദൗത്യങ്ങളും, തൻ്റെ അടുത്ത സമുദ്ര അയൽക്കാരന്റെ സുരക്ഷ, സ്ഥിരത, ക്ഷേമം എന്നിവയോടുള്ള ഇന്ത്യയുടെ ശാശ്വത പ്രതിബദ്ധതയ്ക്ക് അനുസൃതമാണ്. "മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും (SAGAR)" എന്ന ദർശനത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീലങ്കയെ പിന്തുണയ്ക്കുന്നതിനും പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമായ ഒരു ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് സംഭാവന നൽകുന്നതിനും സമർപ്പിതമായി തുടരുന്നു


