സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിലൂടെ തട്ടിയെടുത്തത് 5 കോടിയിലേറെ രൂപ, നാല് യുവാക്കൾ അറസ്റ്റിൽ
കംബോഡിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി പൊലീസ്
പത്തനംതിട്ട : രണ്ടു സൈബർ തട്ടിപ്പുകേസുകളിലായി 5.02 കോടി രൂപ കൈക്കലാക്കിയ നാലു യുവാക്കളെ പൊലീസ് പിടികൂടി. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് കോഴഞ്ചേരി സ്വദേശിയിൽ നിന്ന് 3.45കോടി തട്ടിയകേസിൽ മലപ്പുറം കൽപകഞ്ചേരി കക്കാട് അമ്പാടി വീട്ടിൽ ആസിഫ് (30), തെയ്യമ്പാട്ട് വീട്ടിൽ സൽമാനുൽ ഫാരിസ് (23), തൃശൂർ കടവല്ലൂർ ആച്ചാത്ത് വളപ്പിൽ സുധീഷ് (37) എന്നിവരും സമാനരീതിയിൽ തിരുവല്ല സ്വദേശിയിൽ നിന്നു 1.57കോടി തട്ടിയെടുത്ത കേസിൽ കോഴിക്കോട് ഫറോക്ക് ചുങ്കംഭാഗത്ത് മനപ്പുറത്ത് വീട്ടിൽ ഇർഷാദുൽ ഹക്കിമി (24)നെയുമാണ് ജില്ല ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്.
കംബോഡിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ആളുകളെ വലയിലാക്കുക. പരസ്യങ്ങളോട് പ്രതികരിക്കുന്നവരുടെ താത്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസിലാക്കി കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു പിടിയിലായ യുവാക്കൾ. ഇതിന് ഇവർക്ക് കംബോഡിയയിലെ സംഘം കമ്മിഷൻ വ്യവസ്ഥയിൽ പണവും നൽകിയിരുന്നു. കംബോഡിയയിൽ ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട സൗജന്യ കുരാപതി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് യുവാക്കളെ തട്ടിപ്പുകേന്ദ്രങ്ങിലേക്ക് റിക്രൂട്ട് ചെയ്തതായുള്ള വിവരമാണ് അന്വേഷണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതികളുടെ കൂട്ടാളികളായ നിരവധിപേർ ഇനിയും അറസ്റ്റിലാവാനുണ്ട്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ ബി.എസ്.ശ്രീജിത്ത്, കെ.ആർ.അരുൺ കുമാർ, കെ.സജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോബി ഐസക്, നൗഷാദ് എന്നിവർ തൃശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.