വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ. എ. ഹക്കിം

Sep 12, 2024
വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ. എ. ഹക്കിം

മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ. എ. ഹക്കിം. അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. നികുതിപ്പണം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്ന വിവരം കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ പൗരന് ലഭ്യമാക്കുകയാണ് ഈ നിയമത്തിലൂടെ സാധ്യമാകുന്നത്. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും ആര്‍ടിഐ ക്ലബ്ബുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. വിവരാവകാശ അപേക്ഷ ലഭ്യമാക്കി 30 ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കുന്ന പ്രവണതയാണ് കാണുന്നത്. എന്നാല്‍ അപേക്ഷ ലഭിച്ച് 5 ദിവസത്തിനുള്ളില്‍ തന്നെ നടപടികള്‍ ആരംഭിക്കണം. വിവരാവകാശ നിയമം പലമാധ്യമ പ്രവര്‍ത്തകരുടെയും പ്രധാന വാര്‍ത്താ ഉറവിടമാകുന്നതു വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. നിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ചും ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ അന്തസ്സ് ഹനിക്കപ്പെടുമ്പോള്‍ ശക്തമായി ഇടപെടുന്ന സര്‍ക്കാരാണ് ഇന്നുള്ളതെന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനുമുമ്പും ശേഷവും വ്യക്തമായിട്ടുള്ളതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. സിനിമ - സീരിയല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഹേമകമ്മറ്റിയും റിപ്പോര്‍ട്ടും, റിപ്പോര്‍ട്ട് വെളിച്ചത്ത് വരാന്‍ നിലപാടെടുത്ത വിവരാവകാശ കമ്മിഷണറും ഉണ്ടായത് പിണറായി സര്‍ക്കാരുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ദ ഹിന്ദു സീനിയര്‍ അസി. എഡിറ്റര്‍ കെ.എസ് സുധി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍, അധ്യാപിക കെ. ഹേമലത, വിദ്യാര്‍ത്ഥി പ്രതിനിധികളായ ദശമി, എ. സാജിത എന്നിവര്‍ പങ്കെടുത്തു.