എൻഎസ്എസുമായി ഐക്യം, സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നു: സുകുമാരൻ നായർ
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാർ വെള്ളാപ്പള്ളിയാകും എൻഎസ്എസുമായി കൂടിക്കാഴ്ച നടത്തുകയെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
എസ്എൻഡിപി യോഗത്തിന് ഒരു സമുദായത്തോടും വിരോധമില്ല. ലീഗിനെപറ്റിയുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലീം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. ലീഗ് ഭരണത്തിലിരുന്നപ്പോൾ കാട്ടിയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടേയുള്ളു.
ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണ്. അതിൽ സുകുമാരൻ നായരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറി എന്നത് വലിയ തെറ്റായെന്ന് നിങ്ങൾ പറഞ്ഞല്ലോ. അതിൽ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് ആത്മബലം നൽകിയത് അദ്ദേഹമാണ്.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ചർച്ച.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയു എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതംചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യം ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകും.


