അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതല്‍ പതിച്ചത് ചങ്ങനാശേരിയിൽ
അഞ്ചു കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ചു കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണ്. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് ഇവിടെ എട്ടാണ് രേഖപ്പെടുത്തിയത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), ഇടുക്കി ജില്ലയിലെ മൂന്നാർ (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.