കനത്ത മഴയും കാറ്റും: ഡൽഹിയിൽ നാലു മരണം
മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തുടരാനും യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു

ന്യൂഡൽഹി : ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിൽ വ്യാപക ദുരിതം. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെയുള്ള പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ നാലുപേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.
വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിൽ മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദർശനം നടത്തി. ശക്തമായ കാറ്റിൽ മരങ്ങൾ വീണു നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തുടരാനും യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 100 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.