നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
 
                                    തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്‌ച ചേർന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റാണ് സ്വരാജിനെ സ്ഥാനാർഥിയായി നിശ്‌ചയിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് എം സ്വരാജ്. 2016 മുതൽ- 2021 വരെ തൃപ്പൂണിത്തുറ എംഎൽഎ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു.
നിലമ്പൂർ സ്വദേശിയായ സ്വരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്ത് ഉയർന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചു. മികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാനാസെക്രട്ടറിയായിരിക്കെ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ ബാബുവിനെ അട്ടിമറിച്ചാണ് 2016–-ൽ തൃപ്പുണിത്തുറയിൽ നിന്ന് എംഎൽഎയായത്. നിയമസഭയ്‌ക്കകത്തും പുറത്തും മികച്ച സാമാജികനെന്ന പേര് നേടി. ദേശാഭിമാനി റസിഡന്റ് എഡിറ്ററായി പത്രപ്രവർത്തനമേഖലയിലും അടയാളപ്പെടുത്തി. ആനുകാലിക വിഷയങ്ങളിൽ രാഷ്‌ട്രീയ നിലപാടുകളും പാർടിനയവും അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായി. വിഷയങ്ങൾ സമഗ്രമായും ആഴത്തിലും പഠിച്ച് വിശകലനം ചെയ്യുന്ന ശൈലി എതിരാളികളുടെയടക്കം ആദരവാർജിച്ചിട്ടുമുണ്ട്. പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കവിതകൾ, യാത്രാവിവരണങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്.
പാലേമാട് ശ്രീവിവേകാന്ദ ഹയർസെക്കൻഡറി സ്‌കൂളിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായാണ് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായത്. എസ്‌എഫ്‌ഐ മലപ്പുറം ജില്ലാസെക്രട്ടറിയുമായി. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയതിന് പൊലീസ് ഭീകരതക്കും ഇരയായി. യുവധാര, സ്‌റ്റുഡന്റ് മാസികകളുടെ പത്രാധിപരായിരുന്നു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചുങ്കത്തറ മാർതോമ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിലും കേരള ലോഅക്കാദമി ലോകോളേജിൽ നിന്ന് നിയമത്തിലും ബിരുദംനേടി. മലയാളത്തിൽ ബിരുദാനന്തരബിരുദവുമുണ്ട്. നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ്. ഭാര്യ: സരിത.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            