കോട്ടയം ജില്ലാ വാർത്തകൾ ,അപേക്ഷ ക്ഷണിച്ചു ,അറിയിപ്പുകൾ ,ടെൻഡറുകൾ …….
ഒഴിവുകൾ ,,,,
 
                                    സൗജന്യ നാടൻപാട്ട്, പടയണി പരിശീലനം
കോട്ടയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ നാടൻ പാട്ട്, പടയണി പരിശീലനം ആരംഭിച്ചു. പരിശീലന കളരിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അജിത രതീഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരൻമാരാണ് ക്ലാസുകൾ നയിക്കുന്നത്. വിഴിക്കത്തോട്, മുട്ടപ്പളളി, ചോറ്റി, വേലനിലം എന്നീ ആയി നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. അഞ്ചു വയസ്സു മുതൽ ഏതു പ്രായത്തിലുളളവർക്കും ഈ പരിശീലനകളരിയിൽ പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.  ജില്ലാ കോർഡിനേറ്റർ അനൂപ്, ലൈബ്രറി കൗൺസിലംഗം ശിവൻ മാഷ് , സെക്രട്ടറി കെ.ബി സാബു, കെ.കെ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സൗജന്യ നാടൻപാട്ട്, പടയണി പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിക്കുന്നു.
(കെ ഐഒ.പി.ആർ 1203/2025)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോർഡേഴ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ പഠനകേന്ദ്രങ്ങൾ വഴിയാണ് നടത്തുന്നത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് https://app.srccc.in/register  വഴി ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. ഫോൺ: 0471 2325101, 8281114464.
(കെ ഐഒ.പി.ആർ 1204/2025)
അപേക്ഷ ക്ഷണിച്ചു 
കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായവരോ തത്തുല്യ യോഗ്യത ഉള്ളവരോ 17വയസ്സ് പൂർത്തിയായവരോ ആയിരിക്കണം. ജൂൺ 30നകം http://app.srcc.in/register എന്ന ലിങ്കിലൂടെ  ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരത്തിന് www.srcc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങൾ: അക്ഷയ ലേണിംഗ് സെന്റർ,വൈക്കം -9847128126, സ്വസ്തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം -9447766004, അക്കാദമിക് ഓഫ് യോഗിക് സയൻസ് മൂന്നാനി, പാലാ -9495519686, ശ്രീവല്ലി സ്‌കൂൾ ഓഫ് യോഗ, ടെമ്പിൾ റോഡ് , കോട്ടയം -8921924746.
(കെ ഐഒ.പി.ആർ 1205/2025)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ഡിസോർഡേഴ്‌സ് കോഴ്‌സിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ 2025 ജൂലൈ സെഷനിലേക്കാണ് പ്രവേശനം. എസ്. ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തിയ എം.എൽ.ഡി. കോഴ്‌സ് പൂർത്തിയാക്കിയവർക്കും ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ലാറ്ററൽ  എൻട്രിക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് തപാൽ മുഖേനയോ നേരിട്ടോ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.  അവസാന തീയതി ജൂൺ 30. അപേക്ഷാഫോറം https://app.srccc.in/download എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ:  0471 2325101, 8281114464.
(കെ ഐഒ.പി.ആർ 1205/2025)
ഖാദി വിപണനമേള
കോട്ടയം: സ്‌കൂൾ തുറക്കലും ബക്രീദും പ്രമാണിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഖാദി തുണിത്തരങ്ങൾക്ക്  30 ശതമാനം റിബേറ്റോടു കൂടി ചില്ലറ വിൽപന ആരംഭിച്ചു. വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ ഖാദി ബോർഡംഗം കെ.എസ്. രമേഷ് ബാബു നിർവഹിച്ചു. പ്രോജക്ട് ഓഫീസർ എം. വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.   ജൂൺ 6 വരെയാണ് വിപണനമേള. 
കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ , ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് തുടങ്ങിയ വില്പന കേന്ദ്രങ്ങളിലാണ് പ്രത്യേക റിബേറ്റ് ലഭിക്കുന്നത്.
(കെ ഐഒ.പി.ആർ 1206/2025)
കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡെർമറ്റൊളജി, ന്യൂറോളജി ഒ.പി. കൾ  ആരംഭിക്കും
കോട്ടയം: കുറിച്ചി ഹോമിയോപ്പതി മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയിൽ  ജൂൺ മുതൽ ഡെർമറ്റോളജി,  ന്യൂറോളജി എന്നിവയിൽ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തനം ആരംഭിക്കും. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവർത്തനം.  മിതമായ നിരക്കിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.
(കെ ഐഒ.പി.ആർ 1207/2025)
ഹോം ഗാർഡ് നിയമനം
കോട്ടയം: ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് 35 വയസ്സിനും 58 വയസിനും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായവരിൽ നിന്ന് ജില്ലാ ഫയർ ഓഫസീറുടെ കാര്യാലയം അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽനിന്നോ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, അസം റൈഫിൾസ് തുടങ്ങിയ അർദ്ധ സൈനിക സേനകളിൽനിന്നോ, കേരളാ പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ച പുരഷ/വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.  കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽനിന്നും പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകി റാങ്ക്പട്ടികതയാറാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂൺ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2567442.
(കെ ഐഒ.പി.ആർ 1208/2025)
സാമ്പത്തിക സഹായത്തിനുള്ള വിവരശേഖരണം
കോട്ടയം: കിടപ്പുരോഗികളായ വിമുക്ത ഭടന്മാർക്ക് എസ്.എം.ബി.എഫിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി സൈനികക്ഷേമ വകുപ്പ് വിവരശേഖരണം നടത്തുന്നു. ജില്ലയിലെ കിടപ്പുരോഗികളായ വിമുക്ത ഭടന്മാരുടെ വിവരങ്ങൾ ബന്ധപ്പെട്ടവർ ജൂൺ 10-ന് മുൻപായി സൈനികക്ഷേമ ഓഫീസിൽ അറിയിക്കണം. ഫോൺ: 0481-2371187.
(കെ ഐഒ.പി.ആർ 1208/2025)
കാഞ്ഞിരപ്പളളി ബ്ലോക്കിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു
കോട്ടയം:  കാലാവസ്ഥാ പ്രശ്‌നങ്ങൾ മൂലമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും അസുഖബാധിതരെ സഹായിക്കുന്നതിനും അടിയന്തരഘട്ടത്തിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. പ്രകൃതി ദുരന്തങ്ങളിൽ അടിയന്തര സഹായമെത്തിക്കുന്നതിനും ഡെങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിലും അടിയന്തര സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നത്.  കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് ഹെൽപ്പ് ഡെസ്‌ക്  പ്രവർത്തിക്കുന്നത്. ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെടേണ്ട നമ്പർ: 9961039529, 9496539970, 7907251610
(കെ ഐഒ.പി.ആർ 1209/2025)
ഐ.എച്ച്.ആർ.ഡി. ബിരുദപ്രവേശനം 
കോട്ടയം: ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ  പ്രവർത്തിക്കുന്ന മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാലുവർഷ ബിരുദ പ്രോഗ്രാമിലെ  ഏഴ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  admissions.keralauniversity.
(കെ ഐഒ.പി.ആർ 1210/2025)
ലീഗൽ എയ്ഡ് ക്ലിനിക്
കോട്ടയം: പൊതുജനങ്ങൾക്കു സൗജന്യനിയമസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കോട്ടയം കളക്ടറേറ്റിൽ നിയമസേവന കേന്ദ്രം ( ലീഗൽ എയ്ഡ് ക്ലിനിക് ) ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 കളക്ടറേറ്റിലെ ഒന്നാം നിലയിലെ തൂലിക കോൺഫറൻസ് ഹാളിൽ ആയിരിക്കും ക്ലിനിക് പ്രവർത്തിക്കുന്നത്. ഒരു അഭിഭാഷകന്റെയും ഒരു പാരാ ലീഗൽ വോളന്റീയറിന്റെയും സേവനം ക്ലിനിക്കിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : ജില്ലാ നിയമ സേവന അതോറിറ്റി, എ. ഡി. ആർ സെന്റർ, മലങ്കര ക്വാർട്ടേഴ്‌സ് സദീപം, മുട്ടമ്പലം പി. ഓ, കോട്ടയം - 686004, ഫോൺ:- 0481-2572422, 0481-2572423. ഇമെയിൽ: [email protected], [email protected].
(കെ ഐഒ.പി.ആർ 1211/2025)
നോൺ വൊക്കേഷണൽ 
ഫിസിക്സ് ടീച്ചർ ഒഴിവ്
കോട്ടയം: പെരുവ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചറുടെ (സീനിയർ) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളുമായി ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829252328.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            