ചിറ്റടി മാങ്ങാപ്പാറ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ
പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ
കാഞ്ഞിരപ്പള്ളി: ഉരുൾപൊട്ടലുണ്ടായ ചിറ്റടി മാങ്ങാപ്പാറയിലെ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായും ഇതു തുടരുമെന്നും പാറത്തോട് പഞ്ചായത്ത്. വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജനസദസിലാണ് പഞ്ചായത്ത് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ചിറ്റടി മാങ്ങാപ്പാറയിൽ ഉരുൾപൊട്ടലുണ്ടാകുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രദേശത്തെ പാറമടയുടെ പ്രവർത്തനമടക്കം നിരോധിക്കണമെന്ന ആവശ്യം ഉയർത്തി ചിറ്റടി പബ്ലിക് ലൈബ്രററിയിൽ ജനസദസ് സംഘടിപ്പിച്ചത്.
പാറമടയ്ക്ക് നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണെന്നും 27നു ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഇതു വീണ്ടും തുടരാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ ജനസദസിൽ അറിയിച്ചു. മുണ്ടമറ്റം ഭാഗം, ചോറ്റി മരോട്ടിക്കടവ്, പാറത്തോട് ലൈബ്രറി അവന്യൂ എന്നിവിടങ്ങളിലെ ചെക്ക്ഡാമുകൾ പൊളിക്കാനുള്ള അനുമതി തേടാനും ജനസദസിൽ തീരുമാനമായി. ഇതിനായി ദുരന്തനിവാരണ അഥോറിറ്റിയെ സമീപിക്കും. തോടുകളിലെ മണ്ണും മണലും നീക്കം ചെയ്യുന്നതിന് മൈനർ ഇറിഗേഷനുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അറിയിച്ചു. ജനസദസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.പബ്ലിക്ക് ലൈബ്രറി പ്രസിഡന്റും വാർഡ് മെംബറുമായ ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ത്രിതല പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, സാജൻ കുന്നത്ത്, വിജയമ്മ വിജയലാൽ, പൗരസമിതി സെക്രട്ടറി ലതീഷ് നരിവേലിൽ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ നിരവധിയാളുകൾ ജനസദസിൽ പങ്കെടുത്തു.