കണ്ണൂർ :കേന്ദ്രസർക്കാറിൻ്റെ നഗർ വനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി വള്ള്യാട്ടെ സഞ്ജീവിനി പാർക്ക് ജില്ലയിലെ ആദ്യത്തെ നഗരവനമായി വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി. വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗ ത്തിന്റെ അധീനതയിൽ ഇരിട്ടി എടക്കാനം റോഡരികിൽ വള്ള്യാട്ടെ 10 ഹെക്‌ടർ സ്ഥലത്തിൽ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യ ഘട്ടത്തിൽ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ 10 ഹെക്ടറും പദ്ധതിയുടെ
ഭാഗമാക്കും.
ഒന്നാം ഘട്ടത്തിൽ 40 ലക്ഷം രൂപ ചെലവിൽ നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ സെന്റർ തുടങ്ങിയവയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിൻ്റെ ഉദ്ഘാടനം 20ന് രാവിലെ 10ന് സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 10 ഏക്കർ പ്രദേശം സാമൂഹിക വനവത്കേരണ വിഭാഗം വർഷങ്ങൾക്ക് മുമ്പ് 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് നിറയെ ഔഷധസസ്യങ്ങൾ വളർത്തിയിരുന്നു.
പിന്നീട്, സഞ്ജീവിനി പാർക്ക് എന്ന നിലയിൽ വികസിപ്പിക്കുകയും കൂടുതൽ ഔഷധസസ്യങ്ങളും തണൽ മരങ്ങളും വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കി സഞ്ചാരികൾക്കുള്ള സൗകര്യമൊരുക്കി. വർഷങ്ങളായി കാര്യമായ പരിചരണമൊന്നും ഇല്ലാതിരുന്നതിനാൽ ഇടതൂർന്ന് മരങ്ങളും അടിക്കാടുകളും വളർന്ന് ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറി. പാർക്കിനെ സംരക്ഷിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിട്ടും അനാഥമായി കിടക്കുകയായിരുന്നു.
രണ്ടാം ഘട്ടത്തിൽ 30 ലക്ഷം രൂപയുടെ പദ്ധതിക്കാണ് സാമൂഹിക വനവത്കരണ വിഭാഗം രൂപരേഖ തയാറാക്കിയിരിക്കുന്നതെന്ന് സാമൂഹിക വനവത്കര ണ വിഭാഗം അസിസ്റ്റൻ്റ് കൺസർവെറ്റർ ഓഫ് ഫോ റസ്റ്റർ ജോസ് മാത്യു പറഞ്ഞു. നടപ്പാതയിൽ കല്ലു പാകൽ, ഊഞ്ഞാൽ, എറുമാടം, കുളം തുടങ്ങിയ പദ്ധതികളും ഉൾപ്പെടുന്നുണ്ട്. പഴശ്ശി പദ്ധതിയുടെ ഭാഗമായ ഇരിട്ടി പുഴയോരത്ത് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പാർക്ക്. പദ്ധതിയിൽ വേനൽക്കാലത്ത് കുടിവെള്ളത്തിനായി വെള്ളം കെട്ടിനിർത്തുമ്പോൾ പാർക്കിന്റെ മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെടും.
പുഴയുടെ മറുകരയിൽ വികസിച്ചു കൊണ്ടിരിക്കുന്ന പെരുമ്പറമ്പ് ഇക്കോ പാർക്കുമായി ഇരിട്ടി നഗരവനത്തെ കൂട്ടിയിണക്കാനും സാധിക്കും. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രദേശമാണിത്. എ.സി.എ ഫ് ജോസ് മാത്യു, റേഞ്ചർ പി. സുരേഷ്, ഫോറസ്റ്റർ മാരായ എം.ഡി. സുമതി, പി. പ്രസന്ന, പി.കെ. സു ധീഷ്, ബീറ്റ് ഫോറസ്റ്റർ ടിൻ്റു, എൻ.സി.പി നേതാവ് അജയൻ പായം എന്നിവർ പാർക്കിലെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി.
നഗരങ്ങളിൽ അന്തരീക്ഷ മാലിന്യത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് നഗർ വനം പദ്ധതി. നഗരങ്ങളിൽ 10 ഹെക്‌ടറിൽ കൂടുതൽ വനമുള്ള മേഖലയെ ശാസ്ത്രീയമായി വികസിപ്പിച്ച് അന്തരീക്ഷത്തിലെ ശുദ്ധ വായു ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. ഇരിട്ടി നഗരവനത്തിൽ നിലവിലുള്ള മരങ്ങൾക്കും ഔഷധ സസ്യങ്ങൾക്കും പുറമെ 6000ത്തോളം പുതിയ സസ്യങ്ങളും വെച്ചുപിടിപ്പിച്ചു. നഗരവനത്തിന്റെ പരിപാലനം ഇരിട്ടി നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ ജനങ്ങളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഗ്രാമഹരിത സമിതിയാണ്. ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി.പി. അശോകൻ പ്രസിഡന്റായുള്ള സമിതിയാണ് നഗരവനത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പ്രവേശന പാസിലൂടെ പാർക്കിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം പാർക്കിൻ്റെ വികസനത്തിനും ചെലവുകൾക്കുമായി വിനിയോഗിക്കാം.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.