ശിശു സൗഹൃദ മാധ്യമ നയരേഖ സിലബസിൽ ഉൾപ്പെടുത്തണം- മീഡിയ അക്കാദമി വട്ടമേശ സമ്മേളന ശുപാർശ
ശിശു സൗഹൃദ മാധ്യമപ്രവർത്തനത്തിന് വേണ്ടിയുള്ള നയരേഖ തയ്യാറാക്കും. ഇതിന്റെ കരട് രൂപമാണ് ചർച്ച ചെയ്തത്
തിരുവനന്തപുരം : ശിശു സൗഹൃദ മാധ്യമം എന്ന വിഷയത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് മാധ്യമപഠനസ്ഥാപനങ്ങളുടെ സിലബസിൽ ഇതുസംബന്ധിച്ച നയരേഖ ഉൾപ്പെടുത്തണമെന്ന് കേരള മീഡിയ അക്കാദമിയും യുനിസെഫും ചേർന്ന് തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൌസിൽ നടത്തിയ വട്ടമേശ സമ്മേളനം ശുപാർശ ചെയ്തു. കേരളത്തിലെ മൂന്ന് മേഖലകളിലായി നടത്തിയ ശിശു സൗഹൃദ മാധ്യമപ്രവർത്തന ശിൽപ്പശാലയ്ക്ക് സമാപനം കുറിച്ചുകൊണ്ടാണ് വട്ടമേശ സമ്മേളനം നടന്നത്.
ഇതിനായി ശിശു സൗഹൃദ മാധ്യമപ്രവർത്തനത്തിന് വേണ്ടിയുള്ള നയരേഖ തയ്യാറാക്കും. ഇതിന്റെ കരട് രൂപമാണ് ചർച്ച ചെയ്തത്. കരട് നയരേഖയ്ക്ക് അന്തിമരൂപം നൽകാൻ ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ ചെയർമാനായും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു കൺവീനറായുമുള്ള 11 അംഗ കമ്മിറ്റി രൂപീകരിച്ചു. യുനിസെഫ് സൌത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി കമ്മിറ്റിയിൽ അംഗമായിരിക്കും. 2024 ആഗസ്റ്റിൽ നയരേഖ പുറത്തിറക്കും. ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും
നയരേഖ കേവലം മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നത് ആവരുതെന്നും സമൂഹത്തിന്റെ താഴെത്തട്ടിലെ വിവിധ മേഖലകളിലേക്ക് അതെത്തിപ്പെടണം എന്നും സമ്മേളനം നിർദ്ദേശിച്ചു. പരമ്പരാഗത മാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലേക്കും ഇതെത്തിച്ചേരണം. സമൂഹമാധ്യമങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. വാർത്താമാധ്യമങ്ങളിൽ മാത്രമല്ല, ഏറ്റവും അധികം സ്വാധീനമുള്ള എന്റർടെയിന്റ്‌മെന്റ് ചാനലുകളിലും ഈ നിർദ്ദേശങ്ങൾ എത്തണം. മാധ്യമങ്ങളുടെ നിർവ്വചനംതന്നെ മാറിവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിലാകണം മാധ്യമപ്രവർത്തനം. അതിനുതകുന്നതായിരിക്കണം ഈ നയം. ഇതിന്റെ സൂക്ഷ്മതലങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
മാറുന്ന കാലഘട്ടത്തിൽ കുട്ടികൾ പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. മയക്കുമരുന്ന് അടക്കമുള്ള കാര്യങ്ങളെ അതിജീവിക്കാനുള്ള പിന്തുണ കുട്ടികൾക്ക് നൽകേണ്ടതുണ്ട്. അധ്യാപകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആശാവർക്കർമാർക്കും സാക്ഷരതാ പ്രേരക്മാർക്കും ഈ വിഷയത്തിൽ ബോധവത്കരണം നടത്തേണ്ടതായിട്ടുണ്ട്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ എല്ലാ സഹായവും ഇതിനായി നൽകുന്നതാണെന്ന് ചെയർമാൻ അഡ്വ മനോജ്കുമാർ അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിലുള്ള കരട് മാർഗരേഖ കമ്മീഷൻ തയ്യാറാക്കിനൽകും. സാക്ഷരതാ പ്രേരക്മാരുടെ സഹായവും ഇതിനായി ലഭ്യമാകും. സ്‌കൂൾ കരിക്കുലത്തിൽ തന്നെ ഇത് ഉൾപ്പെടുത്തുന്നതിനായി കരിക്കുലം കമ്മിറ്റിയിൽ ഇത് ഉൾപ്പെടുത്തണം.
ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു മോഡറ്ററേറ്ററായി. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മുൻ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, യുനിസെഫ് സൌത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി, വനിതാ കമ്മീഷൻ അംഗം കുഞ്ഞയിഷ, ശിശുക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ അൽത്താഫ്, സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ ജി രാജ്‌മോഹൻ, വിവരാവകാശ കമ്മീഷൻ മുൻ അംഗം കെ വി സുധാകരൻ, രാജ് ഭവൻ പബ്ലിക് റിലേഷൻ ഓഫീസർ എസ് ഡി പ്രിൻസ്, ആകാശവാണി അഡീഷണൽ ഡയറക്ടർ ശ്രീകുമാർ മുഖത്തല, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് രാധിക സി നായർ, മുതിർന്ന മാധ്യമപ്രവർത്തകരായ പി കെ രാജശേഖരൻ, ശ്രീകുമാർ (ജന്മഭൂമി), അനിൽ (ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), മനോജ് കടമ്പാട് (മലയാള മനോരമ), സരിതാ മോഹൻ ഭാമ, ജോർജ്ജ് കുട്ടി, ഹയർസെക്കന്ററി ജേർണലിസം അധ്യാപിക ഡോ എസ് സിന്ധു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.