കണ്ണിനും മനസ്സിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേള
ദേവികുളം റോഡിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാമത് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായത്
മൂന്നാർ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേവികുളം റോഡിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാമത് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായത്. ദൃശ്യവിരുന്ന് ഒരുക്കിയാണ് മൂന്നാമത് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായത്. വിദേശ ഇനങ്ങൾ അടക്കം 5000 ത്തോളം ഇനം പുഷ്പങ്ങളാണ് നയന മനോഹര കാഴ്ച ഒരുക്കാനായി ബോട്ടാണിക്കൽ ഗാർഡനിൽ വിവിധ വർണ്ണങ്ങളിലും ആകൃതിയിലും പൂത്തുലഞ്ഞു നിൽക്കുന്നത്. കാശ്മീരിൽ നിന്നും എത്തിച്ചിരിക്കുന്ന തുലിപ് പുഷ്പങ്ങളും മരുഭൂമികളിൽ മാത്രം കാണുന്ന കള്ളിമുൾച്ചെടിയും ഡാലിയകളും മേരി ഗോൾഡും, മെലസ്റ്റോമ, ഇംപേഷ്യൻസ്, മഗ്നോളിയ ഗ്രാന്റി ഫ്ലോറ, മഗ്നോളിയ ലില്ലി ഫ്ലോറ, വിവിധയിനം റോസുകൾ, 30 ഇനം ചൈനീസ് ബോൾസം, 31 ഇനം അസീലിയ, ആന്തൂറിയം തുടങ്ങിയവ വർണ്ണവസന്തം തീർക്കുകയാണ് മൂന്നാറിൽ.പൂക്കൾ കാണാൻ മാത്രമല്ല പൂക്കളും വിത്തുകളും വാങ്ങാനുമുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 9ന് തുടങ്ങുന്ന മേള രാത്രി 9 വരെ നീളും. പൂക്കളിൽ തീർത്ത ആനയും മരംകൊത്തിയും അണ്ണാനുമെല്ലാം സെൽഫി പോയിന്റുകൾ ആയി മേളയിൽ ഇടം നേടിക്കഴിഞ്ഞു. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങിലെത്തും. മേള മെയ് 12 നാണ് സമാപിക്കുന്നത്.