തിരുവല്ലയിൽനിന്ന് കാണാതായ 15കാരനെ ചെന്നൈയിൽ കണ്ടെത്തി;അഭിമാനമായി പൊലീസ് സംഘം
എസ്.എസ്.എല്‍.സി ഫലം പുറത്ത് വരുന്നതിന് മുമ്പ് മേയ് ഏഴിന് തിരുവല്ല കുറ്റപ്പുഴ പുന്നകുന്നത്തുനിന്ന് കാണാതായ 15കാരനെയാണ് അവർ കണ്ടെത്തിയത്.
തിരുവല്ല/പത്തനംതിട്ട: സാധ്യമാണെന്ന് വിശ്വസിക്കലാണ് അസാധ്യമായത് നേടാനുള്ള ഏകവഴി എന്ന് ഉറച്ചുവിശ്വസിച്ചാണ് 'തിരുവല്ല സ്ക്വാഡ് ' കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയത്. എസ്.എസ്.എല്‍.സി ഫലം പുറത്ത് വരുന്നതിന് മുമ്പ് മേയ് ഏഴിന് തിരുവല്ല കുറ്റപ്പുഴ പുന്നകുന്നത്തുനിന്ന് കാണാതായ 15കാരനെയാണ് അവർ കണ്ടെത്തിയത്.ചെന്നൈ നഗരത്തിന് സമീപത്തുനിന്നാണ് കുട്ടിയെ പ്രത്യേക പൊലീസ് സംഘം കണ്ടെത്തുന്നത്. ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.മണിക്കൂറുകളോളം സി.സി ടി.വി മുറിയിൽ ചെലവഴിച്ച ദിവസങ്ങളായിരുന്നു പിന്നീട്. കിട്ടിയ വിവരങ്ങൾക്ക് പിന്നാലെ അന്വേഷണസംഘം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, വഴിക്കടവ്, ഗുഡല്ലൂർ എന്നിവടങ്ങളിലേക്ക് നീണ്ടു ആ യാത്ര. സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, അഖിലേഷ്, അവിനാശ് എന്നിവരായിരുന്നു മൂന്നംഗ സംഘം.കുട്ടി തിരുവനന്തപുരത്തേക്കും തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്കുമാണ് പോയത്. മൊബൈൽ ഫോൺ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കാൾ വിവരങ്ങൾ ലഭ്യമാകാത്തത്.ഫോൺ പിന്നീട് ചെന്നൈയിൽ വിൽക്കുകയും ചെയ്തു.ചെന്നൈയിൽ ഫോൺ വാങ്ങിയത് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപരിയായിരുന്നു. അയാളിൽനിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരൻ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തിൽ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു.