കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന് അഞ്ചരക്കോടി രൂപ അനുവദിക്കും: മന്ത്രി വീണാ ജോർജ്
ഐസൊലേഷൻ വാർഡും കിടത്തിച്ചികിത്സ വീണ്ടും ആരംഭിച്ചതും മന്ത്രി ഉദ്ഘാടനം ചെയ്തു
കോട്ടയം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ആരോഗ്യ ഗ്രാന്റിൽനിന്ന് അഞ്ചരക്കോടി രൂപ അനുവദിച്ച് പള്ളം ബ്‌ളോക്ക് പഞ്ചായത്തിന്റെ കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കുമെന്നു ആരോഗ്യ കുടുംബക്ഷേമവകുപ്പു മന്ത്രി വീണാ ജോർജ്. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെയും കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൈനർ ഓപ്പറേഷൻ തിയറ്റർ, ഔട്ട്‌പേഷ്യന്റ് വിഭാഗം, കിടത്തിച്ചികിത്സ വിഭാഗം എന്നിവയടങ്ങുന്ന കെട്ടിട സമുച്ചയമാണ് നിർമാണത്തിന് ഒരുങ്ങുന്നത്.
കുറിച്ചി ഗ്രാമപഞ്ചായത്തിലെ സചിവോത്തമപുരത്തും ചാലച്ചിറയിലും ഉള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ ആരോഗ്യമേഖലയിൽ നൂറുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ മൂന്നരവർഷം സാക്ഷ്യം വഹിച്ചത്. കിഫ്ബി വഴി 80 കോടി രൂപ മുടക്കി നിർമിക്കുന്ന ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കും. 12 മാസം കൊണ്ട് സിവിൽ നിർമാണങ്ങൾ പൂർത്തിയാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആർദ്രം മിഷന്റെ ഭാഗമായി എട്ടരവർഷം കൊണ്ട് ആരോഗ്യമേഖലയിൽ കേരളചരിത്ത്രിലുണ്ടായിട്ടില്ലാ
ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് അഡ്വ. ജോബ് മൈക്കിളിന്റെ എൽ.എൽ.എ. ഫണ്ടിലൂടെ നൽകിയ ഒരു കോടി 36 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 10 കിടക്കകളോട് കൂടിയ ഓക്‌സിജൻ ബെഡുകൾ ആണ് കിടത്തിച്ചികിത്സയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
വാകത്താനം, വാഴപ്പള്ളി, പനച്ചിക്കാട്, കുറിച്ചി, നീലംപേരൂർ ഗ്രാമപഞ്ചായത്തുകൾ, കോട്ടയം നഗരസഭാ പരിധി എന്നിവിടങ്ങളിലെ രോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണിത്. എം.സി. റോഡിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ പ്രതിദിന ഒ.പി. മുന്നൂറിലധികമാണ്. സ്‌കിൻ സ്‌പെഷ്യാലിറ്റി ഉൾപ്പെടെ ദേശീയ ആരോഗ്യദൗത്യത്തിൽനിന്നുള്ള മൂന്നു ഡോക്ടർമാർ, ആരോഗ്യവകുപ്പിൽ നിന്നുള്ള രണ്ടു ഡോക്ടർമാർ, ആറ് സ്റ്റാഫ് നേഴ്‌സ്, രണ്ടു ലാബ് ടെക്‌നീഷ്യൻ, മൂന്നു ഫാർമസിസ്റ്റുകൾ എന്നിവരുടെ സേവനവുമുണ്ട്.
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ. ജയന്തി സജീവ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, അഗസ്റ്റിൻ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോക്യാപ്ഷൻ:
പള്ളം ബ്‌ളോക്ക് പഞ്ചായത്തിന്റെ കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന്റെയും ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സമീപം, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ എന്നിവർ സമീപം.