മകരവിളക്ക്; ഒരുക്കം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പോലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30വരെ പമ്പയിൽ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.
ശബരിമലയിലുള്ള തീർഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്പയിൽ നിന്ന് ആളുകളെ കടത്തിവിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.