ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ‘ഒപ്പം’ പദ്ധതിക്ക് തുടക്കം; ഓഫീസ് ഉദ്ഘാടനം ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പിലാക്കുന്നത്.
മലപ്പുറം : ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഒപ്പം ഇനീഷ്യേറ്റീവ്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടോടെ ആരംഭിക്കുന്ന ആക്സസ് (അസോസിയേഷന്‍ ഫോര്‍ ഡിസബിലിറ്റി കെയര്‍, കംപാഷന്‍, എജ്യുക്കേഷന്‍, സപ്പോര്‍ട്ട് ആന്റ് സര്‍വ്വീസസ്) മലപ്പുറത്തിന്റെ ആദ്യ ഘട്ടമായാണ് ‘ഒപ്പം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ശാക്തീകരണ പരിപാടികളാണ് ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി നടത്തുക. വിദഗ്ധ പരിശീലനം നല്‍കി കേരള പി.എസ്.സി, എസ്.സ്.സി, യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കായി ഭിന്നശേഷിക്കാരെ സജ്ജരാക്കും. അതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളെ കണ്ടെത്തി ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും നടക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകം വിവര ശേഖരണം നടത്തിയാണ് ഓരോ ഭിന്നശേഷിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക. ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം നല്‍കി സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കുന്നുണ്ട്. മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്നുള്ള സൗജന്യ ചെസ് പരിശീലനം എന്നീ പദ്ധതികള്‍ക്ക് ഇതിനകം തുടക്കമായിട്ടുണ്ട്.
‘കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവ്വീസസ്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഒപ്പം’ പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ വെച്ച് ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ സ്വാഗതവും ആക്സസ് മലപ്പുറം പ്രതിനിധി എം. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ‘ഒപ്പം’ പദ്ധതിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന ‘ഭിന്ന ശേഷി സേവന കേന്ദ്രം’ ആയും ഓഫീസ് പ്രവര്‍ത്തിക്കും. കോഴിക്കോട് ആസ്ഥാനമായ എന്‍.ജി.ഒ പ്രജാഹിത ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.