റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 23 ന് കൊച്ചിയില്‍

കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

Aug 20, 2024
റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 23 ന് കൊച്ചിയില്‍
robotics-round-table-on-august-23-in-kochi

എറണാകുളം : നൂതനസാങ്കേതിക വിദ്യയില്‍ കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം ആഗസ്റ്റ് 23ന്  കൊച്ചിയില്‍ നടക്കും. വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
     കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്‌ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍, കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. റോബോട്ടിക്‌സ് സാങ്കേതികമേഖലയില്‍ കേരളത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധര്‍ റൗണ്ട് ടേബിളില്‍ സംസാരിക്കും.
അര്‍മാഡ എഐ യുടെ വൈസ്പ്രസിഡന്റ് പ്രാഗ് മിശ്ര, ഇന്‍ഡസ്ട്രിയല്‍ എഐ അക്‌സഞ്ചര്‍ എം ഡി ഡെറിക് ജോസ്, സ്റ്റാര്‍ട്ടപ്പ് മെന്ററും ഇംപാക്ട് ഇനോവേറ്ററുമായ റോബിന്‍ ടോമി എന്നിവര്‍ പ്രഭാഷണം നടത്തും.
 ഭാവിയിലെ നൂതനത്വവും സര്‍ക്കാര്‍ വ്യവസായ കൂട്ടായ്മയിലൂടെയുള്ള വാണിജ്യ വളര്‍ച്ചയും എന്ന വിഷയത്തില്‍ കേരള ടെക്‌നിക്കല്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഇന്‍കെര്‍ റോബോട്ടിക്‌സ് സിഇഒ രാഹുല്‍ ബാലചന്ദ്രന്‍, ഐറ സിഇഒ പല്ലവ് ബജൂരി, കുസാറ്റ് പ്രൊഫ. എം വി ജൂഡി തുടങ്ങിയവര്‍ സംസാരിക്കും.
കേരളത്തിലെ റോബോട്ടിക്‌സ് സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ ജെന്‍ റോബോട്ടിക്‌സ് സഹസ്ഥാപകന്‍ നിഖില്‍ എന്‍ പി, അസിമോവ് റോബോട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ ടി, ഗ്രിഡ്‌ബോട്ട് ടെക്‌നോളജീസ് സിടിഒ പുള്‍കിത് ഗൗര്‍,  ഐറോവ് സഹസ്ഥാപകന്‍ ജോണ്‍സ് ടി മത്തായി തുടങ്ങിയവര്‍ തങ്ങളുടെ അനുഭവം പങ്ക് വയ്ക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക മോഡറേറ്ററാകും.
 ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിനു കീഴില്‍ ഇതുവരെ 274751 പുതിയ സംരംഭങ്ങളിലൂടെ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതില്‍ 87305 പേര്‍ വനിതകളാണ്.  വിദേശ കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറായി എത്തി. എ ഐ കോണ്‍ക്ലേവില്‍ സംസ്ഥാനത്തെ പത്ത് കോളേജുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. 
    നാനൂറിലധികം  പ്രതിനിധികള്‍, 35 എക്‌സിബിഷനുകള്‍, അക്കാദമിക-വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ പ്രാതിനിധ്യം തുടങ്ങിയവ റോബോട്ടിക്‌സ് റൗണ്ട് ടേബിളിലുണ്ടാകും. 195 സ്റ്റാര്‍ട്ടപ്പുകളും റൗണ്ട് ടേബിളില്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഇഡിസികള്‍ക്കും തങ്ങളുടെ നൂതനാശയങ്ങളും പ്രവര്‍ത്തനമാതൃകകളും നിര്‍ദ്ദിഷ്ട പാനലിനു മുമ്പില്‍ അവതരിപ്പിച്ച് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള സംവിധാനവും സമ്മേളനത്തില്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. 
സര്‍ക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ പ്രധാന സമ്മേളനമാണ് റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍. ഐ ബി എമ്മുമായി ചേര്‍ന്ന് ജൂലായ് മാസത്തില്‍ കൊച്ചിയില്‍ നടത്തിയ ജെനറേറ്റീവ് എഐ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഈ പ്രവര്‍ത്തന പരമ്പരയുടെ ആദ്യ പടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് 12,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന സംരംഭകരെ ഒന്നിച്ചു ചേര്‍ത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകര്‍ഷിച്ചു. ചെന്നൈയില്‍ നടത്തിയ റോഡ് ഷോ നിരവധി സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിച്ചു. 
 ഇനി മുംബൈ, ഡല്‍ഹി, ദുബായ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. ഈ സമ്മേളനപരമ്പരയിലെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒത്തു ചേരലാകും 2025 ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റ്.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്‌ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.