മൊബിലിറ്റി മേഖലയിൽ തങ്ങളുടെ ഭാവി രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന ഓരോ നിക്ഷേപകനും ഇന്ത്യ ഒരു മികച്ച ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ മൊബിലിറ്റി സൊല്യൂഷനായി ഏഴ് സി കൾ, കോമൺ(പൊതുവായത്), കണക്റ്റഡ് (പരസ്പരബന്ധിതം) കൺവീനിയന്റ് (സൗകര്യപ്രദം), കൺജഷൻ-ഫ്രീ (തിരക്ക് രഹിതം), ചാർജ്ഡ് ( ചാർജ്ജ് ചെയ്തത്) , ക്ലീൻ( വൃത്തിയുള്ളത്), കട്ടിംഗ് എഡ്ജ് (നൂതന- സാങ്കേതികവിദ്യ: പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 ജനുവരി 17
ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തുടർച്ചയായ മൂന്നാം തവണയും തങ്ങളുടെ ഗവൺമെന്റിനെ തെരഞ്ഞെടുത്തതിന് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞു. കഴിഞ്ഞ വർഷത്തെ 800 പ്രദർശകരും 2.5 ലക്ഷം സന്ദർശകരം എന്നതിൽ നിന്ന് ഈ വർഷത്തെ എക്‌സ്‌പോ ദേശീയ തലസ്ഥാന മേഖലയിലെ മറ്റ് രണ്ട് വേദികളിൽ കൂടി നടന്നതോടെ അതിന്റെ വ്യാപ്തി വളരെയധികം വർദ്ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 5 ദിവസത്തിനുള്ളിൽ നിരവധി പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും പരിപാടിയിൽ ധാരാളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ശ്രീ മോദി പറഞ്ഞു. "ഇന്ത്യയിൽ ഭാവിയിലെ ഗതാഗതവുമായി ബന്ധപ്പെട്ട് വലിയ പോസിറ്റിവിറ്റി ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദർശനസ്ഥലത്ത് നടത്തിയ സന്ദർശനത്തെക്കുറിച്ച് പരാമർശിക്കവേ, "ഇന്ത്യയിലെ വാഹന വ്യവസായം അതിശയകരവും ഭാവിക്കായി സജ്ജവുമാണ്" എന്ന് ശ്രീ മോദി പറഞ്ഞു, എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.
ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിലെ മഹത്തായ പരിപാടിയിൽ ശ്രീ രത്തൻ ടാറ്റയെയും ശ്രീ. ഒസാമു സുസുക്കിയേയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയിലെ വാഹന മേഖലയുടെ വളർച്ചയിലും ഇന്ത്യയിലെ മധ്യവർഗ കുടുംബങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലും രണ്ട് അതികായന്മാരുടെയും സംഭാവനകൾ വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ പൈതൃകം ഇന്ത്യയുടെ മുഴുവൻ മൊബിലിറ്റി മേഖലയ്ക്കും പ്രചോദനം നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"ജനങ്ങളുടെ അഭിലാഷങ്ങളാലും യുവാക്കളുടെ ഊർജ്ജത്താലും നയിക്കപ്പെടുന്ന ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖല അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഏകദേശം 12% വളർച്ച കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. "മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" എന്ന മന്ത്രത്താൽ നയിക്കപ്പെടുന്ന കയറ്റുമതി വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പ്രതിവർഷം വിൽക്കുന്ന കാറുകളുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയെ മറികടക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒരു വർഷത്തിൽ ഏകദേശം 2.5 കോടി കാറുകളുടെ വിൽപ്പന ഇന്ത്യയിൽ തുടർച്ചയായി വളരുന്ന ആവശ്യകതയെ തെളിയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിലെ ഗതാഗതത്തിന്റെ കാര്യത്തിൽ ഇന്ത്യയെ ഇത്രയധികം ഉയർന്ന പ്രതീക്ഷകളോടെ വീക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ വളർച്ച കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
"ഇന്ത്യ നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന വിപണിയുമാണ്", ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുമ്പോൾ, രാജ്യത്തിന്റെ വാഹന വിപണി അഭൂതപൂർവമായ പരിവർത്തനത്തിനും വികസനത്തിനും സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ വലിയ യുവജനസംഖ്യ, വളരുന്ന മധ്യവർഗം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ആധുനിക അടിസ്ഥാന സൗകര്യ വികസനം, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിലൂടെ താങ്ങാനാവുന്ന വിലയിലുള്ള വാഹനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഭാവിയിലെ ചലനാത്മകതയെ നയിക്കുന്ന നിരവധി ഘടകങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ വാഹന മേഖലയുടെ വളർച്ചയെ ഈ ഘടകങ്ങൾ ഒന്നിച്ച് മുന്നോട്ട് നയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹന വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആവശ്യങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇന്ത്യയ്ക്ക് ഇവ രണ്ടും ഉണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യുവാക്കളാണ് ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറയെന്ന നിലയിൽ ഇന്ത്യ പതിറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവാക്കളുടെ ഈ വലിയ ജനസംഖ്യ ഗണ്യമായ ആവശ്യകത സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, മറ്റൊരു പ്രധാന ഉപഭോക്തൃ അടിത്തറ ഇന്ത്യയിലെ മധ്യവർഗമാണെന്നും കഴിഞ്ഞ ദശകത്തിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ടെന്നും, ആദ്യമായി വാഹനങ്ങൾ വാങ്ങുന്ന ഒരു നവ മധ്യവർഗത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുരോഗതി തുടരുന്നതിനനുസരിച്ച്, ഈ സംഘം അവരുടെ വാഹനങ്ങൾ നവീകരിക്കുമെന്നും ഇത് ഓട്ടോ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ലതും വീതിയുള്ളതുമായ റോഡുകളുടെ അഭാവം ഒരുകാലത്ത് ഇന്ത്യയിൽ കാറുകൾ വാങ്ങാതിരിക്കാൻ കാരണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു, "യാത്രാ സൗകര്യം ഇപ്പോൾ ഇന്ത്യയുടെ ഒരു പ്രധാന മുൻഗണനയാണ്" എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ വകയിരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളം ബഹുവരി പാതകളും എക്സ്പ്രസ് വേകളും നിർമ്മിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ മൾട്ടിമോഡൽ കണക്റ്റിവിറ്റി ത്വരിതപ്പെടുത്തുകയും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്സ് ചെലവുകളുള്ള രാജ്യമാക്കി മാറ്റാൻ ദേശീയ ലോജിസ്റ്റിക്സ് നയം സഹായിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ശ്രമങ്ങൾ വാഹന വ്യവസായത്തിന് നിരവധി പുതിയ അവസരങ്ങൾ തുറക്കുന്നുണ്ടെന്നും രാജ്യത്ത് വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"നല്ല അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം, പുതിയ സാങ്കേതികവിദ്യയും സംയോജിപ്പിക്കപ്പെടുന്നു", ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ ഡ്രൈവിംഗ് അനുഭവം ഫാസ്റ്റ്ടാഗ് വളരെ എളുപ്പമാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സുഗമമായ യാത്രയ്ക്കുള്ള ശ്രമങ്ങൾക്ക് നാഷണൽ കോമൺ മൊബിലിറ്റി കാർഡ് കൂടുതൽ ശക്തി പകരുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കണക്റ്റഡ് വാഹനങ്ങളിലും ഓട്ടോണമസ് ഡ്രൈവിംഗിലും ദ്രുതഗതിയിലുള്ള പുരോഗതിയോടെ ഇന്ത്യ ഇപ്പോൾ സ്മാർട്ട് മൊബിലിറ്റിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വാഹന വ്യവസായത്തിന്റെ വളർച്ചാ സാധ്യതകളിൽ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ പ്രധാന പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പിഎൽഐ പദ്ധതികൾ മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന് പുതിയ ആക്കം നൽകിയെന്നും ഇത് 2.25 ലക്ഷം കോടി രൂപയുടെ വിൽപ്പനയെ സഹായിച്ചുവെന്നും അഭിപ്രായപ്പെട്ടു. ഈ പദ്ധതി ഈ മേഖലയിൽ 1.5 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓട്ടോമൊബൈൽ മേഖലയിലെ തൊഴിലവസര സൃഷ്ടി മറ്റ് മേഖലകളിൽ ഗുണിത ഫലമുണ്ടാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എംഎസ്എംഇ മേഖലയാണ് വൻതോതിൽ ഓട്ടോ പാർട്‌സ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓട്ടോമൊബൈൽ മേഖല വളരുന്നതിനനുസരിച്ച്, എംഎസ്എംഇകൾ, ലോജിസ്റ്റിക്സ്, ടൂറിസം, ഗതാഗത മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓട്ടോമൊബൈൽ മേഖലയ്ക്ക് സർക്കാർ എല്ലാ തലങ്ങളിലും നൽകുന്ന സമഗ്ര പിന്തുണ അടിവരയിട്ടുകൊണ്ട്, കഴിഞ്ഞ ദശകത്തിൽ വ്യവസായത്തിൽ എഫ്ഡിഐ, സാങ്കേതിക കൈമാറ്റം, ആഗോള പങ്കാളിത്തം എന്നിവയ്ക്കുള്ള പുതിയ വഴികൾ സ്ഥാപിക്കപ്പെട്ടതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ മാത്രം ഈ മേഖല 36 ബില്യൺ ഡോളറിലധികം വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വരും വർഷങ്ങളിൽ ഈ കണക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കുള്ളിൽ വാഹന നിർമ്മാണത്തിനായി ഒരു സമ്പൂർണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
"മൊബിലിറ്റി സൊല്യൂഷനുകൾക്കായുള്ള ഏഴ് സികൾ": കോമൺ(പൊതുവായത്), കണക്റ്റഡ് (പരസ്പരബന്ധിതം) കൺവീനിയന്റ് (സൗകര്യപ്രദം), കൺജഷൻ-ഫ്രീ (തിരക്ക് രഹിതം), ചാർജ്ഡ് ( ചാർജ്ജ് ചെയ്തത്) , ക്ലീൻ( വൃത്തിയുള്ളത്), കട്ടിംഗ് എഡ്ജ് (നൂതന- സാങ്കേതികവിദ്യ എന്ന തന്റെ ദർശനം അനുസ്മരിച്ചുകൊണ്ട്, ഹരിത മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ ദർശനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും പിന്തുണയ്ക്കുന്ന ഒരു മൊബിലിറ്റി സിസ്റ്റം ഇന്ത്യ കെട്ടിപ്പടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധനം, ജൈവ ഇന്ധനങ്ങൾ എന്നിവയുടെ വികസനത്തിൽ ഗണ്യമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അത് എടുത്തുപറഞ്ഞു. ഈ ദർശനം മനസ്സിൽ വെച്ചുകൊണ്ടാണ് നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ, ഗ്രീൻ ഹൈഡ്രജൻ മിഷൻ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിയുടെ ദ്രുതഗതിയിലുള്ള വളർച്ച ഊന്നിപ്പറഞ്ഞ ശ്രീ മോദി, കഴിഞ്ഞ ദശകത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 640 മടങ്ങ് വർദ്ധിച്ചതായി അഭിപ്രായപ്പെട്ടു. പത്ത് വർഷം മുമ്പ് പ്രതിവർഷം ഏകദേശം 2,600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ വിറ്റഴിക്കപ്പെട്ടിരുന്നുള്ളൂവെ
രാജ്യത്ത് വൈദ്യുത ഗതാഗതത്തിന്റെ വ്യാപനത്തിനായി ഗവൺമെന്റ് നൽകുന്ന തുടർച്ചയായ നയപരമായ തീരുമാനങ്ങളെയും പിന്തുണയേയും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അഞ്ച് വർഷം മുമ്പ് ആരംഭിച്ച FAME-2 പദ്ധതി 8,000 കോടിയിലധികം രൂപയുടെ പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. 5,000-ത്തിലധികം ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 16 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട്, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും സബ്‌സിഡി നൽകുന്നതിനാണ് ഈ തുക ഉപയോഗിച്ചതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് നൽകുന്ന 1,200-ലധികം ഇലക്ട്രിക് ബസുകൾ ഡൽഹിയിൽ സർവീസ് നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇ-ആംബുലൻസുകൾ, ഇ-ട്രക്കുകൾ എന്നിവയുൾപ്പെടെ ഏകദേശം 28 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സഹായിക്കുന്ന പിഎം ഇ-ഡ്രൈവ് പദ്ധതി മൂന്നാം ടേമിൽ അവതരിപ്പിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏകദേശം 14,000 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നും വിവിധ വാഹനങ്ങൾക്കായി രാജ്യത്തുടനീളം 70,000-ത്തിലധികം ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളമുള്ള ചെറിയ നഗരങ്ങളിൽ ഏകദേശം 38,000 ഇ-ബസുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി മൂന്നാം ടേമിൽ പിഎം ഇ-ബസ് സർവീസ് ആരംഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുത വാഹന നിർമ്മാണത്തിന് ഗവൺമെന്റ് നൽകുന്ന തുടർച്ചയായ പിന്തുണ അടിവരയിട്ടുകൊണ്ട്, ഇന്ത്യയിൽ വൈദ്യുത വാഹന നിർമ്മാണത്തിൽ താൽപ്പര്യമുള്ള ആഗോള നിക്ഷേപകർക്ക് വഴികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങൾ ഇന്ത്യയിൽ ഗുണനിലവാരമുള്ള ഇലക്ട്രിക് വാഹന നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കാനും മൂല്യ ശൃംഖല കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികളെ നേരിടാൻ സൗരോർജ്ജവും ബദൽ ഇന്ധനങ്ങളും തുടർച്ചയായി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ജി-20 പ്രസിഡൻസി കാലത്ത്, ഹരിത ഭാവിക്ക് ശക്തമായ ഊന്നൽ നൽകിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളിലും സൗരോർജ്ജത്തിലും ഗണ്യമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മേൽക്കൂരയിലെ സോളാറിന് വേണ്ടിയുള്ള ഒരു പ്രധാന ദൗത്യമാണ് പ്രധാനമന്ത്രി സൂര്യഗഢ് - സൗജന്യ വൈദ്യുതി പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ ബാറ്ററികൾക്കും സംഭരണ സംവിധാനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിപുലമായ കെമിസ്ട്രി സെൽ ബാറ്ററി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് 18,000 കോടി രൂപയുടെ പിഎൽഐ പദ്ധതി ആരംഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ ഗണ്യമായ നിക്ഷേപങ്ങൾക്ക് ഇതാണ് ശരിയായ സമയമെന്ന് ശ്രീ മോദി അടിവരയിട്ടു. ഊർജ്ജ സംഭരണ മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ അദ്ദേഹം രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററികളും സംഭരണ സംവിധാനങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന നൂതനാശയങ്ങളിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ മേഖലയിൽ ഗണ്യമായ പ്രവർത്തനങ്ങൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ അത് ഒരു ദൗത്യമായി മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര ഗവൺമെന്റിന്റെ വ്യക്തമായ ഉദ്ദേശ്യവും പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞുകൊണ്ട്, പുതിയ നയങ്ങൾ രൂപീകരിക്കുന്നതായാലും പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതായാലും ഗവൺമെന്റിന്റെ ശ്രമങ്ങൾ തുടരുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വാഹന സ്ക്രാപ്പിംഗ് നയം പ്രയോജനപ്പെടുത്താൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട അദ്ദേഹം, കൂടുതൽ ആളുകളെ അവരുടെ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനികൾക്ക് അവരുടേതായ പ്രോത്സാഹന പദ്ധതികൾ അവതരിപ്പിക്കാമെന്ന് നിർദ്ദേശിച്ചു. ഈ പ്രചോദനം നിർണായകമാണെന്നും രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഒരു പ്രധാന സേവനമായിരിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഓട്ടോമോട്ടീവ് വ്യവസായത്തെ മുന്നോട്ട് നയിക്കുന്നത് നവീകരണവും സാങ്കേതികവിദ്യയുമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കിഴക്കിനും, ഏഷ്യയ്ക്കും, ഇന്ത്യയ്ക്കുമാണ് ഭാവി എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗതാഗത മേഖലയിൽ ഭാവി ആഗ്രഹിക്കുന്ന എല്ലാ നിക്ഷേപകർക്കും ഇന്ത്യ ഒരു മികച്ച ലക്ഷ്യസ്ഥാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഗവൺമെന്റ് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് ശ്രീ മോദി എല്ലാവർക്കും ഉറപ്പുനൽകുകയും "ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക" എന്ന മന്ത്രവുമായി മുന്നേറുന്നത് തുടരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്ര മന്ത്രി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ചുമതലയുള്ള ശ്രീ ജിതൻ റാം മാഞ്ചി, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ജനുവരി 17 മുതൽ 22 വരെ മൂന്ന് വ്യത്യസ്ത വേദികളിലായി നടക്കും: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം & യശോഭൂമി, ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റർ & മാർട്ട്. എക്സ്പോയിൽ 9-ലധികം സമാന്തര ഷോകൾ, 20ലധികം സമ്മേളനങ്ങൾ, പവലിയനുകൾ എന്നിവ നടക്കും. കൂടാതെ, വ്യവസായ, പ്രാദേശിക തലങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുന്നതിന് മൊബിലിറ്റി മേഖലയിലെ നയങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന സംസ്ഥാന സെഷനുകളും എക്സ്പോയിൽ ഉണ്ടായിരിക്കും.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025, മുഴുവൻ മൊബിലിറ്റി മൂല്യ ശൃംഖലയെയും ഒരു കുടക്കീഴിൽ ഏകീകരിക്കാൻ ലക്ഷ്യമിടുന്നു. ഈ വർഷത്തെ എക്സ്പോയിൽ ആഗോള പ്രാധാന്യത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്, ലോകമെമ്പാടുമുള്ള പ്രദർശകരും സന്ദർശകരും ഇതിൽ പങ്കെടുക്കുന്നു. ഇത് വ്യവസായ നേതൃത്വത്തിലുള്ളതും ഗവൺമെന്റിന്റെ പിന്തുണയുള്ളതുമായ ഒരു സംരംഭമാണ്, വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും പങ്കാളി സംഘടനകളുടെയും സംയുക്ത പിന്തുണയോടെ എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഇത് ഏകോപിപ്പിക്കുന്നത്.