ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നടത്തി
പരാതികളേറെയും അതിർത്തിമാറ്റം സംബന്ധിച്ച്
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളുടെ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഹിയറിങ് നടത്തി.
ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരെ നേരിൽ കണ്ടു ഹിയറിങ് നടത്തിയത്. 2024 നവംബർ 18-ന് ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ കരടു ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചത്. 562 പരാതികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. നേരിട്ടെത്തിയ മുഴുവനാളുകളുടെയും പരാതികൾ കേട്ടതായും അവ ന്യായമായ രീതിയിൽ തീർപ്പാക്കുമെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ അറിയിച്ചു. കമ്മീഷൻ അംഗമായ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി എസ്. ജോസ്നാമോൾ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, ഡീലിമിറ്റേഷൻ കമ്മീഷൻ- ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പരാതികളേറെയും അതിർത്തിമാറ്റം സംബന്ധിച്ച്
വാർഡ് / ഡിവിഷൻ അതിർത്തികൾ മാറിയതു സംബന്ധിച്ചായിരുന്നു പരാതികളേറെയും. കരട് നിർദ്ദേശപ്രകാരം വാർഡ് മാറിയപ്പോൾ ഒറ്റപ്പെട്ടു പോകുന്നതും വോട്ടു ചെയ്യാൻ ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതു മുൾപ്പെടെയുള്ള പ്രയാസങ്ങൾ പലരും പരാതിയായി ഉന്നയിച്ചു.
വാർഡിന്റെ പേരു മാറ്റിയതു സംബന്ധിച്ചും പരാതികളുണ്ടായി. വാർഡിലെ പ്രധാന കേന്ദ്രങ്ങളെ ഒഴിവാക്കി അപ്രധാന സ്ഥലങ്ങളുടെ പേര് വാർഡിന് നൽകിയതായാണ് പരാതി. സ്ഥലത്തെ ചില കുടുംബങ്ങളുടെ പേരും സ്ഥാപനങ്ങളുടെ പേരും വാർഡുകൾക്ക് ഇട്ടതായും പാരാതി ഉയർന്നു. ഇങ്ങനെയുള്ള പേരുകൾ അടിയന്തരമായി മാറ്റുമെന്ന് കമ്മിഷൻ മറുപടി നൽകി.
ഫോട്ടോക്യാപ്ഷൻ:
ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളുടെ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ കേൾക്കുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സമീപം