ജെ.എസ്.ജെ.ബി. പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമാക്കും
ഭൂജലനിരപ്പ് ഉയർത്തുക ലക്ഷ്യം
കോട്ടയം: ഭൂജലനിരപ്പ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ജൽ സഞ്ജയ് ജൻ ഭാഗീധാരി (ജെ.എസ്.ജെ. ബി.) യുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ സർക്കാർ ഫണ്ടുകൾക്ക് പുറമേ സി.എസ്.ആർ. ഫണ്ട്, സർക്കാരിതര ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തനം.
മഴക്കുഴികൾ, കിണർ റീചാർജിങ്, തടയണ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മഴവെള്ളം സംരക്ഷിച്ചു നിർത്തി ഭൂജലനിരപ്പ് ഉയർത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. ജില്ലയിൽ ആയിരം ഇടങ്ങളിലെങ്കിലും ജലസംരക്ഷണ മാർഗങ്ങളൊരുക്കും.
ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് ജില്ലാ ഓഫീസർ ആർ. ഉദയകുമാർ, ജൂനിയർ ജിയോ ഫിസിസ്റ്റ് രേവതി, സോയിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ഭാസ്‌കർ, ഇറിഗേഷൻ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ വി. അരവിന്ദ് ശർമ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ മെറിൻ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.