ഗവിയിൽ മൊബൈൽ കവറേജും, ഇന്റർനെറ്റും യാഥാർത്ഥ്യമായതായി ആന്റോ ആന്റണി എം.പി
Mobile coverage and internet in Gavi
പത്തനംതിട്ട :
ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈൽ കവറേജും, ഇന്റർനെറ്റും യാഥാർത്ഥ്യമായതായി ആന്റോ ആന്റണി എം.പി
ഗവിയിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ഉത്സവലഹരികൾ കലർന്ന ഉദ്ഘാടന ചടങ്ങിൽ ആന്റോ ആന്റണി എംപി ബി എസ് എൻ എൽ 4G ടവർ നാടിനു സമർപ്പിച്ചു. ബി എസ് എൻ എൽ പത്തനംതിട്ട ജനറൽ മാനേജർ സാജു ജോർജ് അധ്യക്ഷത വഹിച്ചു.
ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ഗവിയിൽ ലഭ്യമാക്കാൻ സാധിച്ചതെന്ന് എം.പി പറഞ്ഞു.
സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ മാത്രം താമസിക്കുന്ന ഒരു വളരെ ചെറിയ നാടാണ് ഗവി. ഏകദേശം 150 ഓളം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ദിവസേനയുള്ള രണ്ട് കെ. എസ്. ആർ. ടി. സി സർവ്വീ സുകൾ ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്ക് പോലും പുറത്തു കടക്കുക എന്നത് വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഗവി. പക്ഷേ തങ്ങളുടെ ഇത്തരം ജീവിത രീതിയോട് ഇണങ്ങി ജീവിച്ച് ശീലിച്ച ഒരു കൂട്ടം ശ്രീലങ്കൻ വംശ ജരും ആദിവാസി ഗോത്രവിഭാഗത്തിലുള്ളവരും അടങ്ങുന്ന ഒരു ചെറിയ ജനക്കൂട്ടത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഈ മൊബൈൽ ടവർ. കോവിഡ് എന്ന മഹാമാരി ഒരു നാടിനെ മുഴുവൻ നാലു ചുവരുകൾക്കുള്ളിൽ ഇരുത്തിയപ്പോഴും വിദ്യാഭ്യാസ സംവിധാനങ്ങൾ മുഴുവൻ ഓൺലൈൻ ആയി മാറിയപ്പോഴും ഗവിയിലെ കുഞ്ഞുങ്ങൾക്ക് ഇതൊന്നുമില്ലാത്ത സാഹചര്യമായിരുന്നു. വേണ്ട വിധത്തിലുള്ള ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ കെ. എസ്. ഇ. ബി യിലും, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിലും, ശബരിമല തീർത്ഥാടന സമയത്ത് കൊച്ചുപമ്പയിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരും , മറ്റ് ഉദ്യോഗസ്ഥരും വളരെ പ്രയാസം അനുഭവിച്ചിരുന്നു. ഗവിയിലെ ഒരു ചെറിയ ജനസമൂഹത്തിലെ കുഞ്ഞുങ്ങൾക്ക് ആധുനിക ലോകത്തേക്കുള്ള ആദ്യപടിവാതിൽ എന്നവണ്ണം ഇന്റർനെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകൾ തുറന്നു കൊടുത്തുകൊണ്ട് ബിഎസ്എൻഎൽ മൊബൈൽ ടവർ യഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.