ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി' : ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

Aug 28, 2024
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി' : ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ' പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്ളോറിങ്/ഫിനിഷിങ്/പ്ലംബിങ്/ സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് 50,000 രൂപയാണ് ധനസഹായം. അപേക്ഷകയുടെ സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1,200 സ്‌ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണനയുണ്ടായിരിക്കും. അപേക്ഷകയോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്കും മുൻഗണന നൽകും. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുൻപ് 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2024-25 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1,200 സ്‌ക്വയർ ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ /ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം സമർപ്പിക്കണം. കൂടാതെ മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്നും ലഭ്യമാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.