യുവതിയുടെ ദുരനുഭവം: വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഒ.ആര്‍ കേളു

Jan 9, 2026
യുവതിയുടെ ദുരനുഭവം: വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഒ.ആര്‍ കേളു

മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മാനന്തവാടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരാതി ലഭിച്ച ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറോടും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ നിര്‍ദേശിച്ചു. സംഭവം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. വിദഗ്ധ മെഡിക്കൽ സംഘം വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങിയതായും മന്ത്രി അറിയിച്ചു.

ജനുവരി അഞ്ചിനാണ് യുവതി തന്റെ ഓഫീസിലെത്തി പരാതി നൽകിയത്. അവ്യക്തമായ പരാതിയുടെ ഫോട്ടോ കോപ്പിയായിരുന്നു യുവതിയുടെ കൈവശമുണ്ടായിരുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഓഫീസിലെ ജീവനക്കാര്‍ വിശദമായ പരാതി തയ്യാറാക്കുകയും അത് വായിച്ച് കേൾപ്പിച്ച് ഒപ്പിട്ട് വാങ്ങുകയുമായിരുന്നു. പരാതി അന്ന് രാത്രി തന്നെ ഡി.എം.ഒയ്ക്കും സൂപ്രണ്ടിനും കൈമാറി. പിറ്റേദിവസം തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് പ്രസവ ചികിത്സ തേടിയതെന്ന് തിരിച്ചറിയുകയും ചികിത്സ നൽകിയ ഡോക്ടറെയും ജീവനക്കാരെയും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ വയറിൽ നിന്ന് കണ്ടെത്തിയ തുണി ആശുപത്രിയിൽ ഉപയോഗിക്കുന്നത് തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച് പിഴവുകൾ സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിൽക്കില്ലെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.