സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി
41-ാം മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഓരോ മേളകളിലൂടെയും മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ദീപശിഖ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഏറ്റുവാങ്ങി. മേളയുടെ ഭാഗമായി സംഘടിപ്പിച്ച മാർച്ച് പാസ്റ്റ് സല്യൂട്ട് നഗരസഭ ചെയർമാൻ സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ ഒന്നാം സ്ഥാനവും നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും സുൽത്താൻ ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് ഫായിസ് കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാനന്തവാടി ടെക്നിക്കൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച 41മത് ടെക്നിക്കൽ സ്കൂൾ കായിക മേള ആപ്ലിക്കേഷൻ കളക്ടർ ലോഞ്ച് ചെയ്തു.
സംസ്ഥാനത്തെ 42 സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ ആയിരത്തിൽ പരം കായിക പ്രതിഭകളാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. 58 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്ന മേള 11ന് വൈകിട്ട് മൂന്നിന് സമാപിക്കും. കായികമേളയുടെ ഭാഗമായി ഉണർവ് നാടൻകല പഠന കേന്ദ്രം അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ നഗരസഭ കൗൺസിലർ പി.പി ബിന്ദു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പി. ജയപ്രകാശ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, ഗവ. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ വി. പ്രദീപ്, കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആർ ജോയിന്റ് ഡയറക്ടർ കെ.ജി. സിനിമോൾ, കോഴിക്കോട് ആർ.ഡി.ടി.ഇ ജോയിന്റ് ഡയറക്ടർ പി.ടി. അഹമ്മദ് സെയ്ദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്. ഷിബു, മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾമാരായ ജോൺസൺ ജോസഫ്, ബി.എസ്. ജൗഹറലി, എം.ജെ. ബിജു, സുൽത്താൻബത്തേരി ഗവ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ആർ. എസ് സജിത്ത്, മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് നവാസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.


