ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി ജി.ആര്‍ അനില്‍

Jan 9, 2026
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി ജി.ആര്‍ അനില്‍

*

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ബത്തേരിയില്‍ നിര്‍മ്മിച്ച ലീഗല്‍ മെട്രോളജി ഭവന്റെയും ലാബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ ശക്തമായ നടപടി ലീഗല്‍ മെട്രോളജി വകുപ്പ് സ്വീകരിക്കുന്നുണ്ട്. 2024 ല്‍ 56.97 കോടി രൂപയും 2025 ല്‍ 40 കോടിയും നിയമ ലംഘനത്തിന് പിഴ ഈടാക്കി. വലിയ മാളുകളില്‍ വരെ പല വിധത്തിലുള്ള നിയമ ലംഘനം നടക്കുന്നുണ്ട്. ഇത് തടയാന്‍ ജാഗ്രത എന്ന പേരിലും പെട്രോള്‍- ഡീസല്‍ പമ്പുകളിലെ കൃത്രിമം തടയുന്നതിന് ക്ഷമത എന്ന പേരിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷം വലിയ തോതിലുള്ള വികസനമുണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമഗ്ര വികസനമുണ്ടായിട്ടുണ്ട്. ചൂരല്‍മല - മുണ്ടക്കൈ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സ്വന്തമായി കെട്ടിടമില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ബത്തേരിയില്‍ ലീഗല്‍ മെട്രോളജി ഭവന്‍ നിര്‍മ്മിച്ചെതെന്നും മന്ത്രി പറഞ്ഞു.