കേന്ദ്രമന്ത്രി മനോഹർ ലാൽ ഇന്ന് തിരുവനന്തപുരത്ത് കേരളത്തിന്റെ ഊർജ-നഗരവികസന മേഖല അവലോകനം ചെയ്തു

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ തുടർപിന്തുണ

Dec 23, 2024
കേന്ദ്രമന്ത്രി മനോഹർ ലാൽ ഇന്ന് തിരുവനന്തപുരത്ത് കേരളത്തിന്റെ ഊർജ-നഗരവികസന മേഖല അവലോകനം ചെയ്തു
centrl minister manohar lal with cm pinarayi vijayan
ന്യൂഡൽഹി : 2024 ഡിസംബർ 22


കേന്ദ്ര വൈദ്യുത-ഭവന-നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഇന്ന് തിരുവനന്തപുരത്തെ ഹോട്ടൽ ലീല റാവിസിൽ  കേരളത്തിന്റെ വൈദ്യുതി മേഖലയുടെ സാഹചര്യം അവലോകനം ചെയ്തു.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക & വിനോദസഞ്ചാര സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേരള വൈദ്യുതി മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.   കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പവർ ഫിനാൻസ് കോർപ്പറേഷനിലെ (PFC) ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.  

യോഗത്തിൽ കേരളത്തിന്റെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വൈദ്യുതിയുടെ ആവശ്യകതയും വിതരണവും; പുനരുപയോഗ ഊർജം, ജലം, ആണവ ഊർജം ഉൾപ്പെടെയുള്ള  മേഖലകളുടെ സാധ്യതകൾ ഉൾപ്പെടുത്തി വിഭവ ശേഷി വികസനം; വൈദ്യുത വിതരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  എന്നിവ ചർച്ച ചെയ്തു.  കൂടാതെ, നവീകരിച്ച വിതരണ മേഖല പദ്ധതി (RDSS) പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ തൽസ്ഥിതിയും സാധ്യമായ കർമപദ്ധതികളും ചർച്ച ചെയ്തു.

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിനുള്ള സാധ്യമായ പരിഹാരങ്ങളും സംസ്ഥാനം ചൂണ്ടിക്കാട്ടി.

വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം സന്ദർശിച്ച കേന്ദ്രമന്ത്രിക്ക്, കേരള വൈദ്യുത മന്ത്രി നന്ദി അറിയിക്കുകയും സംസ്ഥാനത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.  500 മെഗാവാട്ടിന്റെ കൽക്കരി ലിങ്കേജ് അനുവദിച്ചതിനും, ബാറ്ററി ഊർജ സംഭരണ സംവിധാനത്തിനുള്ള 135 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് പിന്തുണയ്ക്കും, കൂടാതെ 2025 മാർച്ച് വരെ NTPC ബാറിൽ നിന്ന് വൈദ്യുതി അനുവദിച്ചതിനും  കേന്ദ്രഗവൺമെന്റിന് അദ്ദേഹം നന്ദി അറിയിച്ചു.

എൻടിപിസി ബാറിൽ (സെൻട്രൽ ജനറേറ്റിംഗ് പ്ലാന്റുകൾ) നിന്ന് അധിക വൈദ്യുതി അനുവദിക്കാനും പ്ലാന്റിൽ നിന്നുള്ള വൈദ്യുതി അനുവദിക്കുന്നതിനുള്ള സമയപരിധി 2025 ജൂൺ വരെ നീട്ടാനും മന്ത്രി അഭ്യർഥിച്ചു. എടി & സി നഷ്ടം കുറയ്ക്കുന്നതിൽ സംസ്ഥാനം തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.  പുനരുപയോഗ ഊർജത്തിന്റെ വൻതോതിലുള്ള സംയോജനത്തിനായി സംസ്ഥാനം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ സംസ്ഥാനം അനുയോജ്യമാണെന്നും വരും വർഷങ്ങളിൽ ആവശ്യകതയിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈദ്യുതി മേഖലയിലെ സമഗ്ര പുരോഗതിക്ക് സംസ്ഥാനം എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര വൈദ്യുതി-ഭവന-നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ എല്ലാ വിശിഷ്ടാതിഥികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.  കേരള സന്ദർശനം വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനത്തെ പൗരന്മാർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാവുന്ന പുതിയ സംരംഭങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്യന്തികമായി ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന വിധത്തിൽ, AT&C നഷ്ടം കുറയ്ക്കുന്നതിന് വിതരണ സംവിധാനങ്ങളെ സഹായിച്ച സംസ്ഥാന ഗവൺമെന്റിന്റെ സംരംഭങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.  വിതരണ സംവിധാനങ്ങളുടെ സഞ്ചിത നഷ്ടം കുറയ്ക്കുന്നതിന് പ്രവർത്തിക്കാൻ അദ്ദേഹം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

വൈദ്യുതി വിതരണ മേഖല മെച്ചപ്പെടുത്തുന്നതിലും വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും RDSSന്റെ പങ്ക് മന്ത്രി ഉയർത്തിക്കാട്ടി. RDSSന് കീഴിൽ അനുവദിച്ച പ്രവൃത്തികൾ വേഗത്തിൽ നടപ്പാക്കാൻ സംസ്ഥാനത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്ന് തുടങ്ങി വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്കായി ഘട്ടം ഘട്ടമായി സ്മാർട്ട് മീറ്ററിങ് പ്രവർത്തനങ്ങൾ നടപ്പാക്കാൻ അദ്ദേഹം സംസ്ഥാനത്തോട് നിർ​ദേശിച്ചു. അനുഭവവും നേട്ടങ്ങളുടെ വിലയിരുത്തലും അടിസ്ഥാനമാക്കി,  മറ്റ് വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററുകൾ ഏർപ്പെടുത്താവുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

APTEL-ന്റെ മുമ്പാകെ നിലവിൽ തീർപ്പുകൽപ്പിക്കാത്ത പദ്ധതികൾക്കുള്ള DBFOO കരാറുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി സംസ്ഥാനത്തിന് നിർ​ദേശം നൽകി. ആണവോർജ പദ്ധതിക്കായി സ്ഥലം കണ്ടെത്തുന്നതിനും ഭൂമി അനുവദിക്കുന്നതിനും സംസ്ഥാനത്തിന്റെ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു.  വേ ലീവ് ചാർജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനും റെയിൽവേ മന്ത്രാലയവുമായി വിഷയം ചർച്ച ചെയ്യാനും മന്ത്രി, കേന്ദ്രവൈദ്യുത മന്ത്രാലയത്തിന് നിർദേശം നൽകി.  പുതിയ വൈദ്യുത പദ്ധതികൾക്കുള്ള ഏകജാലക അനുമതിസംവിധാനത്തിനായി കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നഗരവികസനത്തെക്കുറിച്ചുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ, പിഎംഎവൈ-യു 2.0, അമൃത് തുടങ്ങിയ പ്രധാന സംരംഭങ്ങൾ അവലോകനം ചെയ്തു. കേരളത്തിൽ മലിനജല ശൃംഖലകൾക്കായുള്ള എസ്ബിഎം 2.0 ധനസഹായം, ഖരമാലിന്യ സംസ്കരണം, പിഎം-ഇ ബസ് സേവാ പദ്ധതിക്ക് കീഴിലുള്ള വൈദ്യുത ബസുകൾ എന്നിവയിൽ ചർച്ചകൾ നടന്നു.

നഗരാന്തര ഗതാഗതത്തിനായി RRTSന്റെ (റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സാധ്യതകൾ പരിശോധിക്കാനും  മന്ത്രി നിർദേശിച്ചു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണു യോഗം പ്രതിഫലിപ്പിച്ചത്.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ  തുടർപിന്തുണയും സഹകരണവും കേന്ദ്ര മന്ത്രി ഉറപ്പുനൽകുകയും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ആശംസകൾ നേരുകയും ചെയ്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.