ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി
വത്തിക്കാന്‍ സിറ്റി: ഭാരതത്തിനും കേരളത്തിനും അഭിമാനമായി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി. വൈദികരില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഉയര്‍ത്തപ്പെടുന്നത്.
മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പടെ 21 വൈദികരാണ് ശനിയാഴ്ച കര്‍ദിനാള്‍ പദവിയില്‍ സ്ഥാനമേറ്റത്.സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
കേരളത്തില്‍നിന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പ്രതിനിധിസംഘത്തെ വത്തിക്കാനിലേക്ക് അയച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ചടങ്ങില്‍ പങ്കെടുത്തത്.